ബംഗളൂരു : കേരളാ നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന്(66) അന്തരിച്ചു. ബംഗളൂരുവിലെ എച്ച്.സി.ജി.ആശുപത്രിയിലായിരുന്നു അന്ത്യം . കരളിലെ അര്‍ബുദത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കികയായിരുന്നു.
മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുപരിപാടികള്‍ റദ്ദാക്കി കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു തിരിച്ചു. രാവിലെതന്നെ മറ്റു മന്ത്രിമാരും പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തേക്ക് തിരിച്ചു. കോണ്‍ഗ്രസും ഇന്നത്തെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. കാര്‍ത്തികേയന്റെ
മൃതദേഹം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെ വസതിയിലെത്തിച്ചു .സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6.30ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും
കേരളത്തിലെ കോണ്‍ഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായിരുന്നു . 1995ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ, സാംസ്കാരിക മന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.
1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എന്‍.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. ബിരുദത്തിന് ശേഷം എല്‍എല്‍.ബി പൂര്‍ത്തിയാക്കിയ അദ്ദേഹം കെ.എസ്.യു.വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്.
1978ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ കാര്ത്തികേയന് കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം 1980ല്‍ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. വര്‍ക്കല മണ്ഡലത്തില്‍ വര്‍ക്കല രാധാകൃഷ്ണനോടായിരുന്നു തോല്‍വി.
1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിച്ച ഇദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. എന്നാല്‍ 1987ല്‍ ഇതേ മണ്ഡലത്തില്‍ എം.വിജയകുമാറിനോട് പരാജയപ്പെട്ടു പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ ജി. കാര്ത്തികേയന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് നിന്നും 2011ല്‍ അരുവിക്കരയില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.
Discussion about this post