തിരുവനന്തപുരം : അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങൾ വഴി വൈദ്യുതിബിൽ സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഇത്തരത്തിൽ അടയ്ക്കുന്ന തുക കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് എത്താൻ കാലതാമസം എടുക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി ഈ സേവനം നിർത്തലാക്കിയിരിക്കുന്നത്. ഇനി ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴിയോ സെക്ഷൻ ഓഫീസുകളിൽ നേരിട്ട് എത്തിയോ മാത്രമായിരിക്കും പണം അടയ്ക്കാൻ കഴിയുക.
നിലവിൽ 70 ശതമാനം ഉപഭോക്താക്കളും ഓൺലൈൻ വഴിയാണ് വൈദ്യുതിബിൽ അടയ്ക്കുന്നത് എന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. സെക്ഷൻ ഓഫീസിൽ വന്ന് കാഷ് കൗണ്ടർ വഴി പണം അടയ്ക്കുന്നവരുടെ എണ്ണത്തിൽ പോലും വലിയ കുറവുണ്ടായിരിക്കുകയാണ്. പണം അടയ്ക്കാനുള്ള ഓൺലൈൻ മാർഗ്ഗം കെഎസ്ഇബിയും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഉപഭോക്താക്കളും യുപിഐ മാർഗങ്ങളിലൂടെയോ കെഎസ്ഇബിയുടെ മൊബൈൽ ആപ്പ് വഴിയോ ആണ് പണം അടയ്ക്കുന്നത് എന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.
അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങൾ വഴി ഉപഭോക്താക്കൾ അടയ്ക്കുന്ന തുക യഥാസമയം കെഎസ്ഇബിയുടെ അക്കൗണ്ടിലേക്ക് എത്താറില്ല. ഇത്തരത്തിൽ കാലതാമസം വരുന്നത് മൂലം ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നാണ് കെഎസ്ഇബി പറയുന്നത്. ഇത്തരത്തിലുള്ള പരാതികൾ ഉയരുന്നതിനാൽ ഈ സേവനം നിർത്തലാക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.
Discussion about this post