ഡല്‍ഹി: ഇന്ത്യ പാക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തെ ഇസ്രായേല്‍ സൈന്യവുമായി താരതമ്യപ്പെടുത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇന്ത്യ സൈന്യം ചെയ്തത് പോലെ ഇസ്രായേല്‍ സൈന്യം മുന്‍പ് ചെയ്തിട്ടുണ്ട്് എന്നിങ്ങനെയായിരുന്നു ഇസ്രായേലുമായി ഇന്ത്യന്‍ സൈന്യത്തെ താരതമ്യപ്പെടുത്തികൊണ്ടുള്ള മോദിയുടെ വാക്കുകള്‍. എന്നാല്‍ എല്ലാ തലത്തിലും ഇസ്രായേല്‍ നടത്തിയിരുന്ന മിന്നലാക്രമണത്തേക്കാള്‍ മികച്ചതായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍ എന്നാണ് സൈനിക രംഗത്ത് നിന്ന് വിരമിച്ചവര്‍ ഉള്‍പ്പടെ ഉള്ളവരുടെ വിലയിരുത്തല്‍.
‘എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഇസ്രായേല്‍ നടത്താറുള്ളതിനേക്കാള്‍ മികച്ച നീക്കമായിരുന്നു’ റിട്ട. ബ്രിഗേഡിയര്‍ ഗുര്‍മീത് കന്‍വാള്‍
ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ എല്‍ഒസി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡിസ് ആന്റ് അനാലിസിസിലെ പരിശീലകന്‍ കൂടിയ ബ്രിഗേഡിയര്‍ ഗുര്‍മീത് കന്‍വാള്‍(റിട്ട.) പറഞ്ഞു. വളരെ സുസംഘടിതമായ പാക്കിസ്ഥാന്‍ സൈന്യത്തെ മറികടന്നായിരുന്നു ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്. ഇന്ത്യ നിരന്തരം മുഖാമുഖം കാണുന്ന പാക് സൈന്യത്തിനിടയിലെ വിള്ളല്‍ മുതലെടുത്തായിരുന്നു ഇന്ത്യയുടെ തികച്ചും ആസൂത്രിതമായ ഓപ്പറേഷന്‍. മലനിരകളും കാടും കടന്നായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഇസ്രായേലിനാകട്ടെ ഇത്തരം പ്രതിസന്ധികളൊന്നും കാര്യമായി നേരിടേണ്ട സഹചര്യമില്ല-അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ ഏറ്റവു മികച്ച ഓപ്പറേഷന്‍ 1976 ല്‍ ആയിരുന്നു. ഉഗാണ്ടയിലെ എന്റബേ വിമാനത്താവളത്തില്‍ നിന്ന് തടവിലാക്കപ്പെട്ടവരെ ഇസ്രായേല്‍ പാരാ ഡ്രോപ്പ്ഡ് ഫോഴസ് രക്ഷപ്പെടുത്തി. തട്ടികൊണ്ടു പോയവരെ വിഡ്ഢികളാക്കികൊണ്ടുള്ള നീക്കത്തിന് ആ രാജ്യത്തിന്റെ എതിര്‍പ്പുണ്ടായിരുന്നില്ല. അതേസമയം ശത്രുക്കളെ കബളിപ്പിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ നീക്കം. വിവരസാങ്കേതിക വിദ്യയും നാം ഇതിനായി സമര്‍ത്ഥമായി ഉപയോഗിച്ചു-
കേണല്‍ കെ,വി കുബര്‍
സോഷ്യല്‍ മീഡിയകളിലും മറ്റും മോദിയുടെ ഇസ്രായേല്‍ താരതമ്യം സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇസ്രായേലിനേക്കാള്‍ മികച്ച നീക്കമായിരുന്നു ഇന്ത്യയുടേത് എന്ന വിലയിരുത്തലിനാണ് ട്വീറ്റര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ പ്രാമുഖ്യം.
കഴിഞ്ഞ മാസം 29നാണ് നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെ പാക് ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയത്.
Discussion about this post