ബാരാമുല്ല: കശ്മീരിലെ ബാരാമുള്ള മേഖലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സംശയത്തേത്തുടര്‍ന്ന് മേഖലയില്‍ സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നു. പഴയ നഗരപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ച് വ്യാപകമായ രീതിയിലുള്ള പരിശോധനയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് നഗരത്തിലെ 700-ല്‍ അധികം വീടുകള്‍ ഒഴിപ്പിച്ച് സൈന്യവും പൊലീസും പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ബാരാമുള്ള മേഖലയില്‍ രണ്ട് തവണ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് വീണ്ടും വ്യാപകമായ പരിശോധന നടത്തുന്നത്.
കശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ബാരാമുള്ള. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില് ഉടലെടുത്ത വ്യാപക സംഘര്‍ഷം ഏറ്റവും രൂക്ഷമായിരുന്ന മേഖലയാണ് ഇവിടം. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ട് തവണ ഇവിടെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഓഗസ്റ്റില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ഈ മാസമാദ്യം ഭീകരര്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് വെടിവയ്പ് നടത്തി. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജവാന് പരുക്കേറ്റു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്റെ അതിര്‍ത്തി സംരക്ഷണസേനയായ പാക്ക് റേഞ്ചേഴ്സിന്റെ ഒരു ജവാന് കൊല്ലപ്പെട്ടതായി ബിഎസ്എഫ് അറിയിച്ചു. ഹിരാനഗറിലെ ബോബിയയില്‍ രാവിലെ 9.35നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. യാതൊരു പ്രകോപനവും കൂടാതെ പാക്ക് റേഞ്ചേഴ്സ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ജമ്മു ഇന്‍സ്പെക്ടര്‍ ജനറല്‍ ഡി.കെ.ഉപാധ്യായ പറഞ്ഞു. പാക്ക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം മുപ്പതിലേറെ തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Discussion about this post