കൊല്ലം: കൊല്ലത്തെ ജോനകപ്പുറം കടപ്പുറത്ത് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലം കമ്മീഷണര്‍ സതീഷ് ബിനോ അടക്കം നിരവധി പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷം ഇനിയും വ്യാപിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മത്സ്യബന്ധന വള്ളം അടുപ്പിക്കുന്നതിനെച്ചൊല്ലി കൊല്ലം വാടി ജോനകപ്പുറം തീരത്ത് ഇരുവിഭാഗം മത്സ്യബന്ധനത്തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു.
ജോനകപ്പുറം തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ കടലില്‍ അധികദൂരം പോകാതെ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തി മടങ്ങുന്നവരാണ്. ഉള്‍ക്കടല്‍ മത്സ്യബന്ധനം നടത്തി ദിവസങ്ങളോളം കടലില്‍ കഴിഞ്ഞ് കൂടുതല്‍ മത്സ്യവുമായി വരുന്ന സ്റ്റോര്‍ വള്ളങ്ങള്‍ ജോനകപ്പുറം തീരത്ത് അടുപ്പിക്കുന്നതു മൂലം ചെറുവള്ളങ്ങളില്‍ അന്നന്നത്തെ മീനുമായി വരുന്നവരുടെ മത്സ്യത്തിന് വില കിട്ടുന്നില്ല. ഇക്കാര്യം ആരോപിച്ചാണ് സ്റ്റോര്‍വള്ളങ്ങള്‍ തീരത്തടുപ്പിക്കുന്നതിന് സമയനിഷ്ഠ വേണമെന്ന് ഒരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. സ്റ്റോര്‍ വള്ളങ്ങള്‍ വൈകിട്ട് 4 ന് ശേഷമേ തീരത്തടുപ്പിക്കാവൂ എന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് എതിര്‍വിഭാഗം വാദിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
സംഘര്‍ഷത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ന്നു.
Discussion about this post