കണ്ണൂര്‍ :കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പൊലീസ് നിര്‍ദേശിച്ച പെരുമാറ്റച്ചട്ടങ്ങള്‍ക്കെതിരെ സിപിഎം ജില്ലാനേതൃത്വം രംഗത്ത്. സംഘര്‍ഷം ഒഴിവാക്കാന്‍ വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവി കത്ത് നല്‍കിയിരുന്നു്. ഈ കത്ത് സിപിഎം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നതിന് ശേഷമാണു സെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. സമാധാന പാലനത്തിന്റെ പേരില്‍ പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ രംഗത്തുവരുന്നവര്‍ക്കെതിരെ പ്രതികരിക്കരുതെന്ന പൊലീസ് നിര്‍ദേശത്തെ സിപിഎം തള്ളുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ എല്ലാവരും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നവരല്ലെന്നും. അവരില്‍ തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കേവലം ക്രമസമാധാന പ്രശ്‌നം മാത്രമല്ലെന്നും ആര്‍എസ്എസിന്റെ കേരള അജന്‍ഡയുടെ ഭാഗമാണെന്നുമാണു സിപിഎമ്മിന്റെ പ്രധാന മറുപടി. പൊലീസിന്റെ നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുന്‍പു ജനങ്ങളില്‍നിന്നുയര്‍ന്ന പ്രതിഷേധങ്ങളെക്കുറിച്ചും മറുപടിയില്‍ ഓര്‍മപ്പെടുത്തുന്നു.
നിയമവിരുദ്ധമായി പൊതുസ്ഥലങ്ങളില്‍ പണിതിട്ടുള്ള സ്തൂപങ്ങളുടെയും കൊടിമരങ്ങളുടെയും ബസ് ഷെല്‍ട്ടറുകളുടെയും പേരില്‍ ചേരിതിരിഞ്ഞു സംഘര്‍ഷം നടത്തുന്നതിന്റെ യുക്തി രാഷ്ട്രീയപാര്‍ട്ടികള്‍ ആലോചിക്കണമെന്ന പൊലീസ് നിര്‍ദേശത്തിനുള്ള മറുപടി ഇങ്ങനെ: കേരളത്തിലെ പൊതു ഇടങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമാണ്. ഇതിന്റെയെല്ലാം ഫലമായിട്ടാണു ജാതിമത വ്യത്യാസം കൂടാതെ സാമൂഹികബോധവും വര്‍ഗ ബോധവും ഉണ്ടായത്. ഇതിനെ പൊലീസ് നടപടികളിലൂടെ എതിര്‍ക്കുന്നത് ആശാസ്യമല്ല. അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന പ്രസംഗം ഒഴിവാക്കണമെന്ന പൊലീസ് നിര്‍ദേശം ഉചിതമാണ്. പക്ഷേ സംഘപരിവാറിന്റെ പരിപാടികളില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടക്കുന്നുണ്ടെന്നു സിപിഎം ആരോപിക്കുന്നു. ഇത്തരം പ്രസംഗങ്ങള്‍ക്കെതിരെ നടപടി വേണം.
അതേസമയം പൊലീസ് മേധാവിയുടെ പെരുമാറ്റച്ചട്ടത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ അറിയിച്ചു. പൊലീസ് നിഷ്പക്ഷമായി അക്രമസംഭവങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ബിജെപിക്ക് എതിര്‍പ്പില്ല. ഭരണത്തിന്റെ തണലില്‍ ബിജെപി പ്രവര്‍ത്തകരെ മനഃപൂര്‍വം ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുമെന്നുമാണ് ബിജെപിയുടെ നിലപാട്.
Discussion about this post