ആര്യങ്കാവ്: ആര്യങ്കാവില്‍ കാട്ടില്‍ നിന്നും ചന്ദന തടികള്‍ മുറിച്ച് കടത്തുന്നതിനിടയില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ ആര്യങ്കാവ് വനപാലകരുടെ പിടിയില്‍. ആര്യങ്കാവ് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ ജിയാസ് ജമാലുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ചന്ദനമോഷ്ടാക്കളെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ യുസഫ്, അബ്ദുല്‍ ഖാദര്‍, മുരുകേഷ് എന്നിവരാണ് പിടിയിലായത്.
ചന്ദന തടികള്‍ കടത്താന്‍ ശ്രമിച്ച വണ്ടിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍ 50 കിലോ ചന്ദനതടികള്‍ ആണ് കടത്താന്‍ ശ്രമിച്ചത്. ഇവരുടെ കൂടെയുള്ള മറ്റു പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ആര്യങ്കാവില്‍ നിന്നും നിരവധി തവണ ചന്ദനതടികള്‍ മോഷണം പോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 16 ചന്ദന മോഷണ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
മറയൂര്‍ കഴിഞ്ഞാല്‍ ചന്ദനം വളരുവാന്‍ അനിവാര്യമായ കാലാവസ്ഥ ആര്യങ്കാവിലാണ്. എന്നാല്‍ ചന്ദന കൊള്ളക്കാരില്‍ നിന്നും ചന്ദന മരങ്ങള്‍ സംരക്ഷിക്കാന്‍ ആര്യങ്കാവിലെ വനപാലകര്‍ക്ക് വേണ്ടത്ര സജ്ജീകരണങ്ങള്‍ ഇല്ല. വയര്‍ലസ് സംവിധാനമോ, കൊള്ളക്കാരെ ചെറുത്തു നില്‍ക്കാനുളള ആയുധങ്ങളോ ആര്യങ്കാവിലെ വനപാലകര്‍ക്ക് ഇല്ല. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഭാഗമായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഭാഗമാണിത്. എന്നാല്‍ യാതൊരു രീതിയിലുളള സംവിധാനവും ഇവിടെയില്ല എന്നതാണ് സത്യം.
Discussion about this post