ഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുടെ അഭിമുഖം ഉള്‍പെടുന്ന വിവാദ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാന്‍ അനുമതി നല്‍കാത്തതില്‍ എന്‍ഡിടിവിയുടെ പ്രദര്‍ശനം നിര്‍ത്തി വച്ച് കൊണ്ടുള്ള പ്രതിഷേധം. ഒരു മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവച്ചാണ് എന്‍ഡിടിവി പ്രതിഷേധിച്ചത്. ഈ സമയം ഡോക്യുമെന്ററിയുടെ പേരു മാത്രം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. നിരോധനത്തിനെതിരെയുള്ള പ്രമുഖരുടെ പ്രതികരണങ്ങളും കാണിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതു മുതല്‍ പത്തുവരെയായിരുന്നു എന്‍ഡിടിവി സംപ്രേക്ഷണം നിര്‍ത്തിവച്ചത്. വനിതാ ദിനമായ ഞായറാഴ്ച ഒമ്പത് മുതല്‍ പത്തു വരെ ഡോക്യമെന്ററി സംപ്രേക്ഷണം ചെയ്യാനായിരുന്നു എന്‍ഡിടിവിയുടെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ ഇതിന് അനുമതി ലഭിച്ചില്ല. വിവാദ ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ചു ബിബിസി മുമ്പ് സംപ്രേക്ഷണം ചെയ്തിരുന്നു.
അതേസമയം ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററിയുടെ നിരോധനം നീക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പ്രതികളിലൊരാളായ മുകേഷ് സിങ്ങിന് യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ലെന്നും അഭിമുഖത്തിന് പണം നല്‍കിയെന്ന ആരോപണം തെറ്റാണെന്നും ഡോക്യുമെന്ററിക്കായി മുകേഷ് സിങിനെ അഭിമുഖം ചെയ്ത സഹനിര്‍മാതാവ് ദിബാങ് അറിയിച്ചു .
Discussion about this post