ഡല്‍ഹി: സിപിഎം ഭരണത്തിലിരിക്കെ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലുമുണ്ടായ പ്രക്ഷോഭങ്ങളില്‍ സ്വീകരിച്ച നിലപാട് ശരിയെന്ന് വിലയിരുത്തി ബംഗാള്‍ സംസ്ഥാന ഘടകം റിപ്പോര്‍ട്ട്. അത് സമയം നന്ദിഗ്രാമില്‍ പ്രശ്‌നമുണ്ടാക്കിയതില്‍ പാര്‍ട്ടി പ്രാദേശികനേതൃത്വത്തിനും പങ്കുണ്ടെന്ന് സംസ്ഥാനസമിതി അംഗീകരിച്ച റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. ഇന്ന് തുടങ്ങുന്ന സംസ്ഥാനസമ്മേളനം റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും.
ഇടതുസര്‍ക്കാറിന്റെ വ്യവസായ നയത്തിന് പൂര്‍ണപിന്തുണ നല്‍കുന്ന റിപ്പോര്‍ട്ടില്‍ രണ്ട് പ്രക്ഷോഭങ്ങളും വ്യവസായപുരോഗതിക്ക് തടസ്സമായെന്നും വിലയിരുത്തലുണ്ട്. പൊതുമേഖലയിലുള്ള കേന്ദ്രസഹായവും നിക്ഷേപവും കുറഞ്ഞതോടെയാണ് സ്വകാര്യ മൂലധനപങ്കാളിത്തത്തിന് ബംഗാള്‍ സര്‍ക്കാറും നിര്‍ബന്ധിതമായത്. പുതിയ വ്യവസായങ്ങള്‍ക്ക് ഭൂമി വേണമായിരുന്നു. ജനങ്ങളുമായി ചര്‍ച്ചനടത്തിയുള്ള ഭൂമി ഏറ്റെടുക്കലില്‍ സിംഗൂരിലും നന്ദിഗ്രാമിലും മാത്രമാണ് തര്‍ക്കങ്ങളുണ്ടായതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
കേന്ദ്രസഹായത്തോടെ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് തുടങ്ങാനായിരുന്നു നന്ദിഗ്രാമിലെ പദ്ധതി. ഒരുവിഭാഗം പ്രദേശവാസികള്‍ എതിര്‍ത്തതോടെ തുടക്കത്തില്‍ത്തന്നെ പദ്ധതി ഉപേക്ഷിച്ചു. പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ അനാവശ്യമായ ഇടപെടല്‍ ഇടതുസര്‍ക്കാറിനെതിരെ ജനവികാരം ഉയരാന്‍ കാരണമായി.
സിംഗൂരില്‍ 82.82 ശതമാനവും ഭൂമി നല്‍കാന്‍ തയ്യാറായി. അവശേഷിച്ച 17.18 ശതമാനം ഭൂവുടമകളുടെ സമ്മതം ലഭിച്ചില്ല. അവര്‍ക്ക് സമ്മതമില്ലാത്തതു കൊണ്ടാണെന്ന് പറയാനാവില്ല. പലരുടെ കൈയിലും മതിയായ രേഖകളുണ്ടായിരുന്നില്ല. ചിലരാവട്ടെ, തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ഇതു രണ്ടും രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കും വഴിവെച്ചു. 90 ശതമാനം പദ്ധതി പൂര്‍ത്തിയായിട്ടും ടാറ്റ പിന്മാറി.
ഭൂമി ഏറ്റെടുക്കല്‍പ്രശ്‌നത്തില്‍ ഇടതുവിരുദ്ധശക്തികളെല്ലാം ഒറ്റക്കെട്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭൂമി ഏറ്റെടുക്കലിനെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളില്‍നിന്നും പാര്‍ട്ടി പാഠം പഠിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
Discussion about this post