ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ 7 മാസങ്ങള്‍ക്കുമുന്‍പ് ഒരു ഗുജറാത്തി പത്രം റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍, അപ്രതീക്ഷിതമായി ലഭിച്ച പ്രസിദ്ധിയില്‍ ഊറിചിരിക്കുകയാണ് അകില എന്ന പത്രത്തന്റെ മാനേജ്മെന്റും ജീവനക്കാരും. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ഏപ്രില്‍ ഒന്നാം തിയതി പ്രസിദ്ധീകരിച്ച ഏപ്രില്‍ ഫൂള്‍ വാര്‍ത്ത സത്യമായതോടെ ‘അകില’ ഇന്ത്യയൊട്ടൊക്കും ചര്‍ച്ചയാവുകയാണ്.
500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നുമാണ് വാര്‍ത്ത. വാര്‍ത്തയും കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടിയും തമ്മിലുള്ള സാമ്യം കണ്ട് അന്തം വിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഗുജറാത്തിലെ സൗരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അകില’ എന്ന പത്രം 2016 ഏപ്രില്‍ 1 നാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെന്നും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും പത്രം വാര്‍ത്തയില്‍ പറയുന്നു. രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ അളവ് തടയാനും കള്ളനോട്ട് നിയന്ത്രിക്കാനുമാണ് നടപടിയെന്നും ഇതിലൂടെ ഭീകരവാദം തടയാനാകുമെന്നും വാര്‍ത്തയില്‍ പറയുന്നു്.
അതേസമയം് നവംബര്‍ 8 ന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ പിന്‍വലിച്ച് നടത്തിയ പ്രസ്താവനകളോട് ആശ്ചര്യം ജനിപ്പിക്കുന്ന വിധം സാദൃശ്യമുള്ള പത്രവാര്‍ത്ത സംബന്ധിച്ച് പത്രം നല്കുന്ന വിശദീകരണം രസകരമാണ്. ഏപ്രില്‍ ഫൂള്‍ പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന സ്പൂഫ് വാര്‍ത്തകളുടെ ഗണത്തിലാണ് പത്രം ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയതെന്ന് പത്രാധിപര്‍ കിരിത്ത് ഗണത്ര വ്യക്തമാക്കി.
സൗരാഷ്ട്ര കേന്ദ്രീകരിച്ച് പ്രസിദ്ധീകരിക്കുന്ന നിരവധി പത്രങ്ങള്‍ ഇത്തരത്തില്‍ ഏപ്രില്‍ ഫൂള്‍ സ്പൂഫ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ ഏവരേയും അതിശയിപ്പിച്ച് സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത് അത്ഭുതപ്പെടുത്തിയെന്ന് ഗണത്ര പറയുന്നു.
കേവലം തലക്കെട്ടില്‍ ഒതുങ്ങുന്നതല്ല പ്രധാനമന്ത്രിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള സ്കൂഫ് വാര്‍ത്ത. കുറച്ച് ദിവസത്തേക്ക് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന നടത്തണം, എ.ടി.എമ്മുകളില്‍ നിന്ന് 18-ാം തീയതി വരെ 2000 രൂപവരെയാണ് പിന്‍വലിക്കാന്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് തുടങ്ങി സാമ്യമുള്ള നിര്‍ദേശങ്ങള്‍ പത്ര വാര്‍ത്തയിലുണ്ട്. വരും ദിവസങ്ങളില്‍ പണമിടപാടുകള്‍ക്ക് ചില നിബന്ധനകളും കേന്ദ്രസര്‍ക്കാര്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
എന്തായാലും വാര്‍ത്ത പുറത്ത് വന്നത് അകിലയുടെ പ്രശസ്തി കൂട്ടിയെന്ന് പത്രാധിപര്‍ പറയുന്നു. വലിയ നോട്ടുകള്‍ പിന്‍വലിച്ചാല്‍ കള്ളപ്പണക്കാര്‍ കുടുങ്ങുമെന്ന് വ്യക്തമാക്കുന്ന തമിഴ് സിനിമാ ഡയലോഗും ഇപ്പോല്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post