ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനം ചൈനയ്ക്ക് നല്‍കുന്ന വ്യക്തമായ സന്ദേശമെന്ന് വിലയിരുത്തല്‍. ദക്ഷിണ ചൈനാ കടല്‍ വിശയത്തിലും മറ്റും ചൈനയെ തള്ളുന്ന പരസ്യനിലപാടാണ് ഇന്ത്യയും ജപ്പാനും സ്വീകരിച്ചത്. ഛാബഹാര്‍ തുറമുഖ വിഷയത്തിലും ചൈനയുടെ മുന്നറിയിപ്പ് ഇന്ത്യ അവഗണിച്ചു. അതിവേഗ റെയില്‍വെ പാത സംബന്ധിച്ച കരാറുകളും, ആണവകരാറുകളും ചൈനയെ ചൊടിപ്പിക്കുന്നതാണ്.
ദക്ഷിണ കടല്‍ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന ചൈനയുടെ ഭീഷണി തള്ളിയ ഇന്ത്യയും ജപ്പാനും വിഷയത്തില്‍ ഒത്തൊരുമിച്ച് നില്‍ക്കാന്‍ നിലപാടെടുത്തു. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിടെ ഗൗരവത്തോടെ ചര്‍ച്ചയാവുകയും ചെയ്തു.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബേയുമായുള്ള കൂടിക്കാഴ്ചയില്‍ ഐക്യരാഷ്ട്ര സഭയുടെ സമുദ്രനിയമത്തിന്റെ പ്രാധാന്യത്തേയും കുറിച്ചും ചര്‍ച്ച നടന്നു. ദക്ഷിണ ചൈനാ കടല്‍ തര്‍ക്കം പരിഹരിക്കുന്നതിന് യുഎന്‍സിഎല്‍ഒഎസ് നിയമം ആവശ്യമാണെന്നും സന്ദേശമാണ് ഇന്ത്യയും ജപ്പാനും മുന്നോട്ട് വെക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നാണ് ചൈനയുടെ നിലപാട്.
ഇറാനിലെ ഛാബഹാര്‍ തുറമുഖത്തിന്റെ കാര്യവും ജപ്പാനും ഇന്ത്യയും ചര്‍ച്ച ചെയ്തതും ചൈനയെ അലസോരപ്പെടുത്തും. ഇറാനിലെ തന്ത്രപ്രധാനമായ ഛാബഹാര്‍ തുറമുഖ കാര്യത്തില്‍ പങ്കാളിത്ത സാധ്യതയെ കുറിച്ചാണ് ഇരു രാഷ്ട്രത്തലവന്‍മാരും ചര്‍ച്ച നടത്തി.
ഛാബഹാര്‍ സാധ്യമായാല്‍ പാകിസ്ഥാനെ ഒഴിവാക്കി ഇന്ത്യക്ക് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ട് പ്രവേശനം ലഭിക്കും. ഈ ഇടവഴിയിലൂടെ പാകിസ്ഥാനിലൂടെയുള്ള മധ്യേഷ്യ യാത്രകള്‍ കുറച്ചു കൊണ്ടുവരല്‍ സാധ്യമാകും. ഛാബഹാര്‍ പോര്‍ട്ട് ചൈനക്ക് തിരിച്ചടിയാണ്. ബലൂചിസ്ഥാനില്‍ ഗ്വാഡര്‍ തുറമുഖ സാധ്യതകള്‍ തിരയുന്ന ചൈനയ്ക്ക് ഛാബഹാറിനോട് കടുത്ത എതിര്‍പ്പാണുള്ളത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ സംയുക്ത പ്രസ്താവനയ്ക്ക് ഇന്ത്യയും ജപ്പാനും തയ്യാറായെന്നതും ചൈനയെ പ്രകോപിപ്പിക്കും. ദക്ഷിണ ചൈനാ കടലില്‍ ചൈനയ്ക്ക് ചരിത്രപരമായ അവകാശവാദം ഇല്ലെന്ന അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി ഇരു രാജ്യങ്ങളും പരമാര്‍ശിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ ചൈനിസ് നിലപാടിനെ ദുര്‍ബലമാക്കും.
സമാധാനപരമായി തര്‍ക്ക വിഷയം കൈകാര്യം ചെയ്യണമെന്നാണ് ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ച ആവശ്യം. ഐക്യരാഷ്ട്ര സഭയുടെ സമുദ്ര നിയമങ്ങളോട് എല്ലാ കക്ഷികളും അങ്ങേയറ്റം ബഹുമാനം പുലര്‍ത്തണമെന്നും ഇരു രാജ്യങ്ങളും ഓര്‍മ്മപ്പെടുത്തി.
അതിവേഗ റെയില്‍വെ പാതയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ജപ്പാന്‍ ബിസിനസ് സമൂഹവുമായി ചര്‍ച്ച നടത്തി. റെയില്‍വെ കരാറുകള്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയും ജപ്പാനും തമ്മില്‍ ശീതസമരം തന്നെ നിലനിലവിലുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍ വികസന സാധ്യതയുള്ള ഇന്ത്യയുമായി ധാരണയെത്തുന്നത് ജപ്പാന് ഈ മേഖലയില്‍ മേധാവിത്വം ഉറപ്പാക്കും. മുംബൈ അഹമ്മദാബാദ് റെയില്‍വെ പാത പോലുള്ള വലിയ പദ്ധതികളാണ് ജപ്പാന്‍ സഹകരണത്തോടെ ഇന്ത്യയില്‍ നടക്കുക.
എന്‍എസ്ജിയില്‍ ജപ്പാന്‍ പിന്തുണ ഉറപ്പ് വരുത്താനുള്ള നീക്കവും ചൈന ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ജപ്പാനുമായി ഇന്ത്യ ആണവ കരാര്‍ ഒപ്പിട്ടതും, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാകുന്നത് ചൈനയെ അസ്വസ്ഥമാക്കും.
Discussion about this post