ഡല്‍ഹി: നാല് ലക്ഷം കോടിയോളം വരുന്ന കള്ളപ്പണം റദ്ദാക്കിയതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ജി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാജ്യത്ത് കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കള്ളപ്പണം റദ്ദാക്കിയുള്ള അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയെത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ഏതാണ്ട് 17.77 ലക്ഷം കോടി രൂപയാണ് വിനിമയം ചെയ്യപ്പെടുന്നത്. അതില്‍ തന്നെ 15.64 ലക്ഷം കോടി വരുന്ന രൂപയില്‍ ഭൂരിഭാഗവും അസാധുവാക്കിയ 500, 1000 നോട്ടുകളാണ്.
നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ ഏതാണ്ട് 11 മുതല്‍ 12 ലക്ഷം കോടി രൂപ വരെ ബാങ്കിലേയ്ക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കിലും മൂന്ന് മുതല്‍ നാല് ലക്ഷം വരുന്ന കണക്കില്‍പ്പെടാത്ത രൂപ ഇനിയും ബാങ്കിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ഈ പണമത്രയും റദ്ദാക്കിയതായി റോഹത്ജി വ്യക്തമാക്കി. മൊത്തം 60 മുതല്‍ 74 ബില്യണ്‍ ഡോളര്‍ വരെ പണം കണക്കില്‍പ്പെടാത്തതായി ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അതായത് നിയമവിരുദ്ധമായി നികുതിയടക്കാതെ വിനിമയം ചെയ്യപ്പെടുന്ന പണത്തില്‍ മൂന്നില്‍ ഒരു ഭാഗം മുഴുവനും 500, 1000 നോട്ടുകളാണെന്ന് വ്യക്തം.
10 മുതല്‍ 12 ലക്ഷത്തോളം കോടി രൂപയും നിക്ഷേപമായാണ് എത്തിയിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ബാങ്കുകള്‍ പലിശ നിരക്കില്‍ ഇളവ് വരുത്തി തുടങ്ങിയിട്ടുണ്ടെന്നും റോഹത്ജി കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കല്‍ തീരുമാനം കൊണ്ട് അദ്യത്തെ കുറച്ച് നാളുകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ജനുവരി മാസത്തോടടുപ്പിച്ച് സാമ്പത്തിക മേഖലയില്‍ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post