ഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്. നോട്ട് അസാധുവാക്കിയതിന് ശേഷവും ചിലര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ആദായനികുതി ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ പറഞ്ഞു.
കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരായ പോരാട്ടത്തിന്റെ വന്‍ പ്രഖ്യാപനമാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നടത്തിയതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്.
ബില്‍ അനുസരിച്ച് നോട്ട് പിന്‍വലിക്കലിന് ശേഷവും കണക്കില്‍പ്പെടാത്ത പണം ഉണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തി 50 ശതമാനം നികുതി അടച്ച് ബാക്കി പണം സ്വന്തമാക്കാനാകും. 30 ശതമാനം നികുതിയും 20 ശതമാനം പിഴയും ഉള്‍പ്പെടെയാണിത്. ഡിസംബര്‍ 30 വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയം.
വെളിപ്പെടുത്താതെ പൂഴ്ത്തിവച്ച കള്ളപ്പണം പിടിക്കപ്പെട്ടാല്‍ തുകയുടെ 75 മുതല്‍ 85 ശതമാനം വരെ നികുതി നല്‍കേണ്ടി വരും. ബില്ലിലെ ഭേദഗതി പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേയ്ക്ക് പ്രധാനമന്ത്രിയുടെ ഗരീബ് കല്ല്യാണ്‍ യോജനയില്‍ നിക്ഷേപിക്കണം. ഇതിന് പലിശ ലഭിക്കില്ല.
ഗരീബ് കല്ല്യാണ്‍ യോജന പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ആരായില്ല. ധന നികുതി, സിവില്‍ നിയമങ്ങള്‍ എന്നിവയും ഇതിന് ബാധകമായിരിക്കില്ല. പദ്ധതിയില്‍ വെളിപ്പെടുത്തുന്ന സമ്പാദ്യത്തിന്റെ നാലിലൊന്ന് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി നിക്ഷേപിക്കണം. ഈ തുക നാല് വര്‍ഷത്തിന് ശേഷമല്ലാതെ തിരിച്ചെടുക്കാന്‍ അനുവദിക്കില്ല. പലിശയും നല്‍കില്ല. ഈ പദ്ധതിവഴി ലഭിക്കുന്ന പണം ജലസേചനം, പാര്‍പ്പിടം, ടോയ്‌ലറ്റ്, അടിസ്ഥാന സൗകര്യം, പ്രൈമറി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചെലവാക്കും.
നോട്ട് അസാധുവാക്കിയതിന് ശേഷം കിട്ടിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആദായനികുതി നിയമം ഭേദഗതി ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആദായ നികുതി ഭേദഗതി ബില്ലില്‍ വ്യക്തമാക്കി. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി 45 ശതമാനം നികുതി നല്‍കി വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നേരത്തെ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. സെപ്തംബര്‍ 30 ആയിരുന്നു ഇതിന്റെ അവസാന തീയ്യതി. എന്നാല്‍ ഇത് ഫലപ്രദമായില്ല. ഇതിന് പിന്നാലെയാണ് നോട്ട് അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം.
Discussion about this post