ശ്രീഹരിക്കോട്ട: ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്സ്സാറ്റ് -2എയുമായി പി.എസ്.എല്‍.വി സി36 ഡിസംബര്‍ ഏഴിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയരും. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍-സി36 എന്ന ഐ.എസ്.ആര്.ഓയുടെ ഈ അഭിമാനവാഹനം അതിന്റെ 38-ാമത്തെ വിജയക്കുതിപ്പിനാണ് തയ്യാറെടുക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നും ഏഴിനു രാവിലെ 10.24നാണ് വിക്ഷേപിക്കുകയെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു.
1,235 കിലോഗ്രാം ഭാരം വരുന്ന റിസോഴ്സ്സാറ്റ്-2എ 827 കിലോമാറ്ററുകള്ക്കപ്പുറത്തുളള ഭ്രമണപഥത്തില്‍ കുതിച്ചുയര്‍ന്ന് 18 മിനുട്ടുകള്‍ക്കുളളില്‍ എത്തിക്കാനാണ് ശാസ്ത്രജ്ഞര്‍ പദ്ധതിയിട്ടിരിക്കുന്നത്. 44.4 മീറ്റര്‍ ഉയരമുളള വിക്ഷേപണവാഹനമാണ് പി.എസ്.എല്‍.വി സി36.
റിസോഴ്സ്സാറ്റ്1, റിസോഴ്സ്സാറ്റ്2 എന്നീ ആദ്യമേ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങളുടെ പിന്‍ഗാമിയായാണ് റിസോഴ്സ്സാറ്റ്2എ ഭ്രമണപഥത്തിലെത്തുക. മറ്റു രണ്ട് ഉപഗ്രഹങ്ങള്‍ 2003-ലും, 2011-ലുമാണ് വിക്ഷേപിച്ചത്. ഈ ഉപഗ്രഹത്തിന്റെ കാലാവധി 5 വര്‍ഷം ആയിരിക്കും. ഹൈ റെസല്യൂഷന്‍ ലീനിയര്‍ ഇമേജിംഗ് സെല്‍ഫ് സ്കാനര്‍ ക്യാമറ, മീഡിയം റെസൊല്യൂഷന്‍ ലിസ്3 ക്യാമറ ആധുനിക വൈഡ് ഫീല്‍ഡ് സെന്‍സര്‍ കാമറ എന്നിവയും ഉപഗ്രഹത്തിലുണ്ടാകും. ഈ കാമറകള്‍ പകര്‍ത്തുന്ന 200ജി.ബി സൈസ് വരുന്ന ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന രണ്ട് സോളിഡ് സ്റ്റേറ്റ് റെക്കോര്‍ഡറുകളും ഇതോടൊപ്പമുണ്ടാകും. ഗ്രൗണ്ട് സേഷനുകളിലേക്ക് ഈ ചിത്രങ്ങള്‍ പങ്കു വയ്ക്കാനുളള സംവിധാനവും ഇതോടൊപ്പമുണ്ട്.
1994-2016 കാലഘട്ടത്തില്‍ 121 ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ഇതില്‍ 79 ഉപഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളുടേതും ബാക്കിയുളളവ ഇന്ത്യയുടെ ഉപഗ്രഹങ്ങളുമാണ്. ചിലവു കുറഞ്ഞ, വിശ്വസനീയമായ വിക്ഷേപണവാഹനമെന്ന നിലയില്‍ വിദേശരാഷ്ട്രങ്ങള്‍ക്കു കൂടി പ്രിയങ്കരമാണ് പി.എസ്.എല്‍.വി.
Discussion about this post