ഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിക്കേസില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രമുഖനെ ചോദ്യം ചെയ്യുമെന്ന് സൂചന. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥരെയും സി.ബി.ഐ ചോദ്യം ചെയ്തേക്കും. ഇതോടൊപ്പമാണ് കേരള എംപിയേയും ചോദ്യം ചെയ്യുകയെന്നാണ് വിവരം.
ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഇടനിലക്കാരനായി ഈ നേതാവ് പ്രവര്‍ത്തിച്ചതായി സിബിഐയ്ക്ക് സംശയമുണ്ട്. പ്രതിരോധമന്ത്രി എ.കെ ആന്റണിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഈ നേതാവ് പല കാര്യങ്ങളിലും ഇടപെട്ടുവെന്നാണ് സിബിഐയുടെ നിഗമനം. അഴിമതി തുകയുടെ കൈമാറ്രം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള എംപി ഇടപെട്ടുവെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടി.കെ.എ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന് എന്നിവരെ ചോദ്യം ചെയ്തേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ, മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. ഇതിന് പിറകെയാണ് കേരളത്തില്‍ നിന്നുള്ല നേതാവിനെ ചോദ്യം ചെയ്യുമെന്ന സൂചന ലഭിക്കുന്നത്. കേസുമായി ഇയാള്‍ക്ക് നേരിട്ട ബന്ധമുണ്ടോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ചോദ്യം ചെയ്യലില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരു എന്നാണ് സിബിഐയുടെ നിലപാട്.
ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തരത്തിലേക്ക് ഈ നേതാവ് വളര്‍ന്നതിന് പിന്നില്‍ എ.കെ ആന്റണിയുടെ പിന്തുണ ഉണ്ടായിരുന്നു. പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവസ്ഥയിലേക്ക് ഇയാള്‍ വളര്‍ന്നതും മുന്‍ പ്രതിരോധമമന്ത്രിയുമായുള്ള അടുത്ത ബന്ധമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇയാളുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സംസ്ഥാന തലത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ട് പിന്നീട് ഈ നേതാവിന് തന്നെ സിറ്റിംഗ് സീറ്റ് നല്‍കുകയായിരുന്നു.
ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എസ്.പി. ത്യാഗിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുന്‍ പ്രധാനമന്ത്രിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യുന്നതിലേക്ക് സി.ബി.ഐ നീങ്ങുന്നത്. കോപ്ടറിന്റെ സാങ്കേതിക സംവിധാനങ്ങളില്‍ അഗസ്റ്റ വെസ്റ്റ്ലന്ഡ് കമ്പനിക്ക് അനുകൂലമായി ഇളവ് വരുത്താനുള്ള തീരുമാനം ഉണ്ടായത് രണ്ടാം യു.പി.എ കാലത്തെ പ്രധാനമന്ത്രിയുടെ ഓഫിസിലാണെന്ന് ത്യാഗി സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഹെലിക്കോപ്റ്ററുകള്‍ വാങ്ങണമെങ്കില്‍ അവയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നുവെന്ന് ത്യാഗിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
Discussion about this post