തിരുവനന്തപുരം: 45 വയസ്സിന് മുകളി ല്‍ പ്രായമുള്ളവരുടെ വിവരശേഖരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുക്കപ്പെടുന്ന താലൂക്കുകളില്‍ അടുത്ത 25 വര്‍ഷവും ഈ വിവരശേഖരണം തുടരും. ആരോഗ്യ, സാമൂഹിക, സാമ്പത്തികവിവരങ്ങള്‍ വിശദമായി ശേഖരിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ 10 ജില്ലകളിലെ 16 താലൂക്കുകളിലായി നടക്കുന്ന സര്‍വേയുടെ ആദ്യഘട്ട ജോലികള്‍ ആരംഭിച്ചു.
രണ്ട് ഘട്ടങ്ങളിലായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സര്‍വേ നടത്തും. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയമാണ് വിവരശേഖരണം നടത്തുന്നത്. കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലുള്ള പോപ്പുലേഷന്‍ റിസര്‍ച്ച് സെന്ററിനാണ് കേരളത്തിലെ ചുമതല. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് ആണ് നോഡല്‍ ഏജന്‍സി. സുല്‍ത്താന്‍ ബത്തേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഏറനാട്, നിലമ്പൂര്‍, ഒറ്റപ്പാലം, തലപ്പിള്ളി, കുന്നത്തുനാട്, കൊച്ചി, ഉടുമ്പന്‍ചോല, തിരുവല്ല, കോഴഞ്ചേരി, കൊല്ലം, ചിറയിന്‍കീഴ്, തിരുവനന്തപുരം താലൂക്കുകളില്‍ നിന്നാണ് വിവരശേഖരണം. ഇവിടത്തെ 80 വില്ലേജുകളില്‍ ഒരു പ്രദേശത്ത് നിന്ന് നിശ്ചിത എണ്ണം വീടുകളാകും തിരഞ്ഞെടുക്കുക. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ 25 വര്‍ഷത്തേക്ക് ഈ വീടുകളില്‍ സന്ദര്‍ശിച്ച് അഭിമുഖം നടത്തും.
നിലവിലുള്ള ക്ഷേമപദ്ധതികളുടെ അവലോകനത്തിനും പുതിയ നയരൂപവത്കരണത്തിനും ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഉപകരിക്കുമെന്നാണ് കണക്കാക്കുന്നത്. താലൂക്കിലെ വീടുകളുടെ എണ്ണം, സ്ത്രീ സാക്ഷരതാനിരക്ക്, എസ്.സി./ എസ്.ടി. ജനസംഖ്യ, കാര്‍ഷികേതര തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാരുടെ അനുപാതം എന്നിവയുടെ അടിസ്ഥാനത്തിലാണ് താലൂക്കുകള്‍ തിരഞ്ഞെടുത്തത്. വാര്‍ധക്യ കാലഘട്ടത്തില്‍ അലട്ടുന്ന അസുഖങ്ങള്‍, വയോജനങ്ങള്‍ ഇടപെടുന്ന ജോലികള്‍, ഓരോ വീടിന്റെയും സാമ്പത്തികാവസ്ഥ, രോഗനിര്‍ണയം, ആരോഗ്യ ഇന്‍ഷുറന്‍സ്, കുടുംബവുമായും സമൂഹവുമായുമുള്ള ഇടപെടല്‍, റിട്ടയര്‍മെന്റ്, പെന്ഷന്, ജീവിതച്ചെലവുകള്‍ തുടങ്ങി വിശദമായ വിവരശേഖരണമാണ് നടത്തുന്നത്. ആദ്യപടിയായി വീടുകള്‍ക്ക് നമ്പറിടും. തിരഞ്ഞെടുക്കപ്പെടുന്ന വില്ലേജിന്റെ സ്ഥാനം ജി.പി.എസ്. ഉപയോഗിച്ച് രേഖപ്പെടുത്തും. ഓരോതാലൂക്കിലും നഗരങ്ങളും ഗ്രാമങ്ങളും ഉള്‍പ്പെടെ അഞ്ച് വില്ലേജുകളിലാണ് മാപ്പിങ്ങും ലിസ്റ്റിങ്ങും വിവരശേഖരണവും നടത്തുന്നത്. വന്‍തോതില്‍ മുതല്‍മുടക്ക് വരുന്ന ഇത്തരത്തിലൊരു വിവരശേഖരണം രാജ്യത്ത് തന്നെ ആദ്യമായാണ്.
Discussion about this post