ഡല്‍ഹി: സീനിയോറിറ്റി മറികടന്ന് കരസേനാ മേധാവിയായി നിയമിച്ചുവെന്ന വിവാദങ്ങളില്‍ മുങ്ങുന്നതല്ല ലഫ്. ജനറല്‍ ബിപിന്‍ റാവത്തിന്റെ യോഗ്യതയും മികവും. രാജ്യം ഭീകരരില്‍ നിന്നും ശത്രു രാജ്യങ്ങളില്‍ നിന്നും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാക്കിസ്ഥാനുമായി ഏത് നിമിഷവും ഉണ്ടായേക്കാവുന്ന യുദ്ധത്തിന്റെ കൂടി സാധ്യത പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സേനാ മേധാവികളെ നിശ്ചയിച്ചത് എന്നാണ് വിലയിരുത്തല്‍.
കരസേനാ മേധാവി സ്ഥാനത്തേക്ക് ബിപിന്‍ റാവത്തിന് പരിഗണിച്ചതിന് പിന്നിലെ ചില കാരണങ്ങള്‍
അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക് പാക്കിസ്ഥാനെയും, ശത്രുരാജ്യങ്ങളെയും ഏറെ അമ്പരിപ്പിച്ച വലിയ സേനാ നീക്കമായിരുന്നു. ഈ നീക്കത്തിന് സര്‍ക്കാരിന് ധൈര്യവും ഊര്‍ജ്ജവും നല്‍കിയത് റാവത്തിന്റെ സാന്നിധ്യമായിരുന്നു.
മണിപ്പൂരില്‍ 18 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ നാഗാ തീവ്രവാദികളെ മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് കൊലപ്പെടുത്തിയ ഓപ്പറേഷന്‍ ഇന്ത്യന്‍ സേനയ്ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ദീമാപൂര്‍ കേന്ദ്രമാക്കി അന്ന നടത്തിയ ഓപ്പറേഷന് തന്ത്രങ്ങളൊരുക്കിയത് അജിത് ഡോവലിനൊപ്പം റാവത്തായിരുന്നു. അന്ന് അക്രമണത്തിന് ചുക്കാന്‍ പിടിച്ച ത്രി കോര്‍പ്പ്‌സ് കമാന്‍ഡറായിരുന്നു അദ്ദേഹം.
പിഒകെയില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ നിയന്ത്രണം വഹിച്ചത് റാവത്തായിരുുന്നു. മിന്നലാക്രമണം നിയന്ത്രിച്ചിരുന്ന ഡിജിഎംഒ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് കരസേന ഉപമേധാവിയായിരുന്ന ബിപിന്‍ റാവത്തിനായിരുന്നു.
2015 ല്‍ നടന്ന ഓപ്പറേഷന് ശേഷമാണ് റാവത്ത് കരസേനയുടെ ഉപമേധാവിയാകുന്നത്.
ഭീകരതയെ ചെറുക്കാനും ശക്തമായി തിരിച്ചടിക്കാനും അതീവ തന്ത്രശാലിയാണ് റാവത്ത് എന്ന കരിയര്‍ ഗ്രാഫ് പരിഗണിച്ചാണ് കേന്ദ്രം അദ്ദേഹത്തെ സേനാമേധാവിയാക്കിയത്. സര്‍ജിക്കല്‍ സട്രൈക് പോലുള്ള ഇത്തരം ഓപ്പറേഷന്‍സ് നടക്കുമ്പോള്‍ ആസൂത്രണവും അനുഭവസമ്പത്തും ആണ് നിര്‍ണായകമെന്നും ദേശീയ സുരക്ഷാ ഏജന്‍സി നടത്തുന്ന ഇത്തരം നീക്കങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന റാവത്ത് വളരെ കരുത്തനായ സേനാമേധാവിയായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് പാക്കിസ്ഥാന്‍ രാജ്യസുരക്ഷയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്.ഇതിനെ നേരിടാനുള്ള അനുഭവസമ്പത്തും യുദ്ധസാഹചര്യങ്ങളിലെ പ്രവൃത്തിപരിചയവും ആണ് സേനാമേധാവിയെ നിശ്ചയിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്.
സേനയിലെ തന്നെ മികവുപുലര്‍ത്തുന്ന അഞ്ച് മുതിര്‍ന്ന ഓഫീസര്‍മാരുടെ പാനലാണ് റാവത്തിന്റെ പേര് നിര്‍ദേശിച്ചത്.
രാജ്യത്തിന് പുറത്ത് ഓപ്പറേഷന്‍ അന്തരീക്ഷത്തില്‍, യുദ്ധ സാഹചര്യങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച റാവത്ത്, സമാനമായ മേഖലകളില്‍ രാജ്യത്തിന്റെ സുരക്ഷയിലും നിര്‍ണായക പോസ്റ്റുകളില്‍ ഇരുന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ അടുത്തിടെ ആക്രമണം നടത്തിയ ഉറി മേഖലയിലെ നിയന്ത്രണ രേഖയില്‍ സേനാ കമ്പനിയുടെ കമാന്‍ഡറായിരുന്നു റാവത്ത്. കിബിതുവിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ ബ്രിഗേഡ് കമാന്‍ഡറായും രാഷ്ട്രീയ റൈഫിള്‍സിന്റെ ബ്രിഗേഡ്-സെക്ടര്‍ കമാന്‍ഡറായുമെല്ലാം അതീവജാഗ്രത പാലിക്കുന്ന സേനാ വ്യൂഹങ്ങളെ നിയന്ത്രിച്ചിട്ടുണ്ട് റാവത്ത്.
പുതിയ പാക്കിസ്ഥാന്‍ പുതിയ ആര്‍മി ചീഫ് ജനറല്‍ ഖ്വമര്‍ ബാജ്വയും റാവത്തും 2008-09 കാലത്ത് യുഎന്‍ സമാധാന സേനയില്‍ ഉണ്ടായിരുന്നു. കോംഗോയിലെ സമാധാന ദൗത്യത്തില്‍ ഇരുവരും അവരവരുടെ രാജ്യങ്ങളിലെ ബ്രിഗേഡുകളുടെ നേതൃത്വം വഹിച്ചിരുന്നു.
സേനാ വ്യൂഹങ്ങളുടെ ചുമതലയുള്ളവര്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ അഭിപ്രായം തേടുന്ന ഓഫീസര്‍ കൂടിയാണ് റാവത്ത് എന്നതും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു.
ഈസ്റ്റേണ്‍ കമാന്‍ഡ് മേധാവിയായ വേളയിലുള്‍പ്പെടെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിയാണ് റാവത്ത്. ഇത്തരം പ്രത്യേകതകള്‍ കൊണ്ടുതന്നെ യുദ്ധസാഹചര്യങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയവും അദ്ദേഹത്തിനുണ്ടെന്നാണ് സേനികവൃത്തങ്ങളും കേന്ദ്രസര്‍ക്കാരും പറയുന്നത്.
കരസേനയില്‍ നിലവിലെ മുതിര്‍ന്ന ഓഫീസറും കിഴക്കന്‍ മേഖലാ കമാഡറുമായ ലഫ്. ജനറല്‍ പ്രവീണ്‍ ഭക്ഷി, ദക്ഷിണ കമാന്‍ഡറും മലയാളിയുമായ ലഫ്. ജനറല്‍ പിഎം ഹാരിസ് എന്നിവരെ മറികടന്നാണ് കേന്ദ്രം നിലവില്‍ കരസേനാ ഉപാധ്യക്ഷനായ റാവത്തിനെ ഇപ്പോഴത്തെ ആര്‍മി മേധാവി ദല്‍ബീര്‍ സിങ് സുഹാഗിന്റെ പിന്‍ഗാമിയായി നിയോഗിക്കുന്നത്. ഇതോടെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പല തരത്തിലായിരുന്നു. സീനിയോരിറ്റി മറികടന്നുവെന്നതിന് അപ്പുറം പിഎം ഹാരിസ് മുസ്ളീം ആയതുകൊണ്ടാണ് അദ്ദേഹത്തെ മറികടന്ന് റാവത്തിന് അവസരം നല്‍കിയതെന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ സജീവമായി. കോണ്‍ഗ്രസ്സും സിപിഐയുമുള്‍പ്പെടെ എതിര്‍പ്പിന്റെ ശബ്ദമുയര്‍ത്തി. എന്നാല്‍ ഇത്തരം വിവാദങ്ങളൊന്നും ബിപിന്‍ റാവത്തിന്റെ നിയമനത്തിന്റെ മാറ്റ് കുറക്കുന്നില്ല.
Discussion about this post