സിനിമാ സമരം അവസാനിപ്പിക്കാന്‍ മന്ത്രി എ കെ ബാലന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം. 50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഇതോടെ ക്രിസ്മസ് റിലീസുകള്‍ മുടങ്ങുമെന്ന് ഉറപ്പായി. പാലക്കാട് വടക്കാഞ്ചേരി ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രി എ കെ ബാലന് ചലച്ചിത്ര സംഘടനകളുമായി പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടത്തിയത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ക്രിസ്മസ് സീസണിലുളള റിലീസുകള്‍ മുടക്കിയുള്ള സമരം ഒഴിവാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് 50-50 അനുപാതത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പരിഹാര സാധ്യത അടഞ്ഞത്. സിനിമാ മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജൂഡീഷ്യല്‍ സ്വഭാവമുള്ള സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി എ കെ ബാലന് പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്മാന്-സത്യന് അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ്-ജയസൂര്യാ ചിത്രം ഫുക്രി, പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്. ഈ സിനിമകളെല്ലാം സെന്‍സര്‍ പൂര്‍ത്തിയാക്കി പരസ്യപ്രചരണവും നടത്തി റിലീസിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. ക്രിസ്മസ് സീസണ് നഷ്ടപ്പെട്ടാല്‍ വന്‍ തിരിച്ചടിയാണ് ഈ സിനിമകള്‍ക്കും ചലച്ചിത്ര വ്യവസായത്തിനും ഉണ്ടാവുക. ഇതേ ദിവസങ്ങളില്‍ തിയറ്ററുകളിലെത്തേണ്ട ബോളിവുഡ് ചിത്രം ദങ്കല്‍, സൂര്യയുടെ എസ് ത്രീ എന്നിവയുടെ റിലീസുകളില്‍ മാറ്റമില്ല.
നിലവില്‍ തിയറ്ററുകളില്‍ റിലീസിംഗ് ആഴ്ചയില്‍ നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനവും തിയറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന നിരക്കിലായിരുന്നു വരുമാന വിഹിതം. മള്‍ട്ടിപ്ളെക്സുകളില്‍ 50-50 എന്ന അനുപാതത്തിലാണ് വിഹിതം പങ്കുവയ്ക്കുന്നത്. ഇതേ അനുപാതത്തില്‍ തങ്ങള്‍ക്കും വരുമാന വിഹിതം വേണമെന്നാണ് എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആവശ്യമുന്നയിച്ചതോടെയാണ് നിര്‍മ്മാതാക്കള്‍ സമരം പ്രഖ്യാപിച്ചത്. ഡിസംബര്‍ 16ന് ശേഷം പുതിയ സിനിമകള്‍ തുടങ്ങേണ്ടെന്നും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമകളെ സമരം ബാധിച്ചിട്ടില്ല.
സമരം ചലച്ചിത്രവ്യവസായത്തിന് വന്‍തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പരിഹാരം ഉണ്ടാകണമെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും മന്ത്രിയെ നേരത്തേ ധരിപ്പിച്ചതായും സൂചനയുണ്ട്. 100 രൂപാ ടിക്കറ്റില്‍ 25 ശതമാനം വിനോദനികുതിയും തിയറ്റര്‍ വിഹിതവും കഴിഞ്ഞാല്‍ നിര്‍മ്മാതാവിന് തുച്ഛമായ നേട്ടമാണ് നിലവില്‍ കിട്ടുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ അഭിപ്രായം.
Discussion about this post