തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പ്രവചനം. കനത്ത ചൂടിനിടെ ലഭിക്കുന്ന മഴ വലിയ ആശ്വാസമാകും.
ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം എന്നീ ജില്ലകളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. 29, 30 തിയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം, കോഴിക്കോട് എന്നീ ജില്ലകളിലും വേനൽ മഴ ലഭിക്കും. ഒന്നാം തിയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ നേരത്തെ മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഴയുണ്ടാകുമെന്ന ആശ്വാസകരമായ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളത്. ഇന്നും നാളെയും മൂന്ന് ജില്ലകളിലെയും വിവിധ മേഖലകളിൽ ഉഷ്ണതരംഗ സാഹചര്യം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മൂന്ന് ജില്ലകളിലും തുടർച്ചയായി ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉഷ്ണതംരഗത്തിന് സാദ്ധ്യത കാണുന്നത്.
അതേസമയം പാലക്കാട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയുണ്ട്.
Discussion about this post