തൃശ്ശൂർ: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉറപ്പായും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടമാക്കി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. എംപിയാകാനാണ് തൃശ്ശൂരിലേക്ക് വന്നിരിക്കുന്നത്. ഇക്കുറി തൃശ്ശൂരിൽ ആത്മവിശ്വാസം ഇരട്ടിയാണെന്നും, വിജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഇക്കുറി എംപിയാകാനാണ് എത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയെക്കാൾ മികച്ച രീതിയിൽ എംപിമാർക്ക് പ്രവർത്തിക്കാനുള്ള അന്തരീക്ഷമാണ് പാർട്ടി നൽകുന്നത്. തൃശ്ശൂരിൽ ഇക്കുറി ആത്മവിശ്വാസം ഇരട്ടിയാണ്. എങ്കിലും ജൂൺ നാല് വരെ കാത്തിരിക്കണം. ജനവിധി പ്രധാനമാണ്. ഈശ്വരനിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമെല്ലാം അറിയിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്ക് സിനിമയിൽ അഭിനയിക്കാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ തുടരുന്ന പ്രവർത്തനങ്ങൾ ചെയ്യാനുള്ള അനുവാദവും ചോദിച്ചിട്ടുണ്ട്.
ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ താൻ ചെയ്ത് തീർക്കാൻ ആഗ്രഹിക്കുന്നതിന്റെ 25 ശതമാനം സാദ്ധ്യമാക്കാൻ അഞ്ച് വകുപ്പ് മന്ത്രിമാരെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടർമാരുടെ ചൊൽപ്പടിയ്ക്ക് വിട്ടുതരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
തന്റേതായ സമ്പാദ്യം മൊത്തം തൊഴിൽ ചെയ്ത് ഉണ്ടാക്കിയത് ആണ്. അല്ലാതെ രാഷ്ട്രീയത്തിൽ നിന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












