അടിമാലി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ ഇടതു മുന്നണിക്കൊപ്പം നില്ക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി ജില്ലയിലെ ഭൂപ്രശ്നങ്ങളെച്ചൊല്ലി സര്‍ക്കാരുമായും ഇടതുമുന്നണിയുമായും ഇടയുന്നു. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അലംഭാവം തുടര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങുമെന്ന് സമിതിയുടെ മുന്നറിയിപ്പ് നല്കി.
കസ്തൂരിരംഗന്‍, പട്ടയം വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യവിമര്‍ശനവും സമിതി നേതാക്കള്‍ നടത്തി. ഈ മാസം 30ന് കട്ടപ്പനയില്‍ നടക്കുന്ന സമിതി ജനറല്‍ ബോഡി യോഗത്തില്‍ തുടര്‍ നടപടികള്‍ പ്രഖ്യാപിക്കും. നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന സര്‍ക്കാറിനെയല്ല നടപടിയെടുക്കുന്ന സര്‍ക്കാറിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ പ്രക്ഷോഭത്തില്‍ സമിതിക്കൊപ്പം നിന്നാണ് സിപിഐഎമ്മും എല്‍ഡിഎഫും ജില്ലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയത്. റിപ്പോര്‍ട്ടിനെ അനുകൂലിച്ച മുന്‍ എംപി പിടി തോമസിനെതിരെ ശക്തമായ നിലപാടെടുത്ത സമിതിയുടെ പിന്തുണയില്‍ സമിതി ഇടതു മുന്നണിക്കൊപ്പം നിന്നത്. സ്വതന്ത്രനായി മത്സരിച്ച അഡ്വ. ജോയ്സ് ജോര്‍ജിനെ ലോക്സഭയിലെത്തിച്ച് എല്‍ഡിഎഫും മുന്നണിയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബന്ധം തുടര്‍ന്നു. ഇടുക്കിയുടെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്പര്യം കാട്ടുന്നില്ലെന്നാണ് ഇപ്പോള്‍ സമിതിയുടെ ആരോപണം. കസ്തൂരിരംഗന്‍, പട്ടയം വിഷയങ്ങള്‍ ഇടത് സര്‍ക്കാര്‍ ശാശ്വതമായി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പില്‍ മുന്നണിയെ പിന്തുണച്ചതെന്നും ആറു മാസമായിട്ടും പ്രസ്താവനക്കപ്പുറം വ്യക്തമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും സമിതി നേതാക്കള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ കുറച്ചുകൂടി ഉത്തരവാദിത്തബോധം കാണിക്കണമെന്ന് ജോയ്സ് ജോര്‍ജും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ പൂര്‍ണമായി ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് സമിതിയുടെ ആവശ്യം. കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടി അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പട്ടയം അപേക്ഷകന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. ഇതും സമിതിയുടെ എതിര്‍പ്പിന് കാരണമാണ്. പത്തുചെയിന്‍ മേഖല, സെറ്റില്‍മെന്റ് ഏരിയ, അലോട്ട്മെന്റ് ഭൂമി, ഷോപ്പ് സൈറ്റ് തുടങ്ങിയ മേഖലകള്‍ക്ക് പട്ടയം നല്കാന് നടപടിയില്ലാത്തതും എതിര്‍പ്പിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.
ഇപി ജയരാജന്റെ ഒഴിവില്‍ എംഎം മണിയെ മന്ത്രിയാക്കി ഇടുക്കില് രാഷ്ട്രീയം നേട്ടം ഉന്നംവെച്ചതിനു പിന്നാലെയാണ് സിപിഐഎമ്മിന് ഹൈറേഞ്ച് സംരക്ഷണ സമിതിയില്‍നിന്ന് രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.
Discussion about this post