കണ്ണൂര്‍: നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയോടുള്ള കേന്ദ്ര സമീപനത്തിനുമെതിരേ കഴിഞ്ഞദിവസം എല്‍.ഡി.എഫ്. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കുടുംബശ്രീ വീട്ടമ്മമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയത് പിഴഭീഷണി മുഴക്കിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നില്ലെങ്കില്‍ 50 രൂപ പിഴ നല്‍കേണ്ടിവരുമെന്നായിരുന്നു ഭീഷണി. സി.പി.എം. ശക്തികേന്ദ്രങ്ങളിലെ കുടുംബശ്രീ അംഗങ്ങളെയാണ് ഈ വിധത്തില്‍ ‘ചങ്ങല’യിലാക്കിയത്.
കുടുംബശ്രീയുടെ പ്രതിവാര യോഗത്തിനെത്താത്തവരില് നിന്ന് പിഴയീടാക്കാറുള്ളതുപോലെ സമരത്തിനെത്തിയില്ലെങ്കില് 50 രൂപ പിഴയൊടുക്കേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധനത്തിനെതിരായ സമരം പാര്‍ട്ടിയുടെ അഭിമാന പ്രശ്നമായിട്ടായിരുന്നു സി.പി.എം. കണക്കാക്കിയിരുന്നത്. മനുഷ്യച്ചങ്ങലയില്‍ പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എം. ഇത്തരത്തിലൊരു തന്ത്രം അവലംബിച്ചത്. ഇതിന്റെ ഫലമായി മനുഷ്യച്ചങ്ങലയില്‍ സ്ത്രീ പങ്കാളിത്തം വലിയതോതിലുണ്ടാകുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനത്തിനു കീഴിലുള്ള കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സികൂടിയാണ്. അംഗങ്ങളായി വിവിധ രാഷ്ട്രീയ കക്ഷികളില്‍ വിശ്വസിക്കുന്നവരുണ്ടെങ്കിലും സ്വാധീന മേഖലകളില്‍ കുടുംബശ്രീയെ പോഷക സംഘടനാ സംവിധാനമെന്ന നിലയിലാണ് സി.പി.എം. ഉപയോഗിക്കുന്നതെന്ന് മുമ്പേ ആക്ഷേപമുണ്ട്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇടതുപക്ഷം സംഘടിപ്പിച്ച ഒടുവിലത്തെ സമരത്തിലും അരങ്ങേറിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Discussion about this post