മുംബൈ: പിന്‍വലിച്ച നോട്ടുകളുടെ 97 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കുകള്‍ ഉറപ്പിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. വ്യത്യസ്ത കറന്‍സി ചെസ്റ്റുകളില്‍ നിന്നും എത്തിയിട്ടുള്ള അസാധുനോട്ടുകളുടെ കണക്കുകള്‍ യോജിപ്പിക്കുന്ന പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും കൃത്യമായ കണക്ക് പുറത്തുവിടാറായിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അക്കൗണ്ടിങ് പിഴവുകള്‍ ഒഴിവാക്കാന്‍ ഡബിള്‍ കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചെയ്തുവരികയാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു. എത്രയും വേഗത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ വെളിപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു.
അമ്പത് ദിവസം കൊണ്ട് അസാധുവാക്കിയ 1000, 500 കറന്‍സികളുടെ 97 ശതമാനവും തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 14.97 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആര്‍ബിഐ. ഡിസംബര്‍ 31ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിട്ടിരുന്നില്ല. കണക്കുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും നല്‍കിയ മറുപടി.
ഡിസംബര്‍ പത്തിനാണ് നോട്ട് അസാധുവാക്കലിന് ശേഷം ഒടുവില്‍ റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിട്ടത്. അന്ന് 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയതായാണ് ആര്‍ബിഐ അറിയിച്ചിരുന്നത്. ആകെ അസാധുവാക്കിയ നോട്ടുകളുടെ 80 ശതമാനത്തിലേറെ വരുമിത്. 15.4 ലക്ഷം കോടിയുടെ നോട്ടുകളാണ് നവംബര്‍ എട്ടിലെ തീരുമാനത്തിലൂടെ അസാധുവായത്.
Discussion about this post