ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വു കൈവന്നു. നൂതന സാങ്കേതികവിദ്യയെയും പരിഷ്‌കരണങ്ങളെയും തള്ളിപ്പറയുന്ന കോണ്‍ഗ്രസിന്റെ നിലപാട് ദുരന്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ എങ്ങനെ പാര്‍ലമെന്റ് തടസപ്പെടുത്താം എന്നതിനെക്കുറിച്ചാണു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചിന്തിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു. കള്ളപ്പണത്തിനും സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരെ നേരിടാനും ഉറച്ചാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഇന്നുവരെ ആ കാര്യത്തില്‍ ചെയ്തതെല്ലാം ഫലവത്തായി. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തുമുതല്‍ അദ്ദേഹം രാജ്യാന്തര തലത്തില്‍ കള്ളപ്പണത്തിനെതിരെ പോരാടി പിന്തുണ നേടി. യുഎസ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, മൗറീഷ്യസ്, സൈപ്രസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി കള്ളപ്പണത്തെ നേരിടാനുള്ള കരാറുണ്ടാക്കി. സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ ബെനാമി നിയമം കൊണ്ടുവന്നു. ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്ന ജിഎസ്ടി, നികുതി ഭരണനിര്‍വഹണത്തില്‍ കൃത്യത കൊണ്ടുവരും. നികുതി വെട്ടിപ്പിനെതിരായ ശക്തമായ നിയമമായിരിക്കും അത്. 1000, 500 നോട്ടുകളുടെ പിന്‍വലിക്കലും സുരക്ഷയേറിയ പുതിയ നോട്ടുകള്‍ കൊണ്ടുവന്നതും ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post