കൊച്ചി: വിദ്യാര്‍ഥി സംഘടനകളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ അക്രമത്തിലും കൊച്ചിയിലെ മാനേജ്‌മെന്റ് അസോസിയേഷന്റെ ഓഫീസിന് നേരെയുണ്ടായ അക്രമത്തിലും പ്രതിഷേധിച്ചാണ് നടപടി. കോളജുകള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം. സംസ്ഥാനത്തെ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനിലെ 120 കോളജുകളാണ് അടച്ചിടുന്നത്.
സൂചനയെന്നോണം വ്യാഴാഴ്ച അസോസിയേഷനു കീഴിലെ 120 കോളജുകളാണ് ഒരു ദിവസം അടച്ചിടുന്നത്. വീണ്ടും അക്രമം ആവര്‍ത്തിക്കുകയാണെങ്കില്‍ അനിശ്ചിതകാലത്തേയ്ക്ക് അടയ്ക്കും. കോളേജുകളിലെ ചെറിയ പ്രശ്‌നങ്ങള്‍ ചിലര്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമം തുടര്‍ന്നാല്‍ ജീവനും സ്വത്തിനും എങ്ങനെ സംരക്ഷണം ലഭിക്കും. അതിഭീകരമായ അന്തരീക്ഷമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. കേരളത്തില്‍ വച്ചുപൊറുപ്പിക്കാന്‍ പറ്റിയ കാര്യങ്ങള്‍ അല്ല ഇതൊന്നും. കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് കോളജ് അടച്ചിടുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു.
കൊച്ചിയിലെ സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫിസ് കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം.
അതേസമയം, സ്വാശ്രയ കോളജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനമായി. സാങ്കേതിക സര്‍വകലാശാലയുടേതാണ് തീരുമാനം. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ആളെ നിയമിക്കാനാണ് തീരുമാനം. കോളജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതിനും പുതിയ മാനദണ്ഡമായി. സര്‍വകലാശാല പ്രതിനിധികള്‍ കോളജ് സന്ദര്‍ശിക്കും. വിദ്യാര്‍ഥികളുടെ പരാതികളും നിര്‍ദേശങ്ങളും പരിഗണിക്കും.
Discussion about this post