തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനു ശേഷം ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തു വരുന്നതോടെ സിപിഎമ്മിന്റെയും തോമസ് ഐസക്കിന്റെയും വേവലാതി കൂടുമെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത്. നേതാക്കളുടെ ബിനാമി ഇടപാടുകളെപ്പറ്റി പുറത്തു വരുമെന്ന ഭീതിമൂലമാണ് സഹകരണ മേഖലയെ ശുദ്ധീകരിക്കാനുള്ള നീക്കത്തെ ഇരുമുന്നണികളുടേയും നേതാക്കള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നവരുടെ പേരു വിവരങ്ങള്‍ കൈമാറണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സാധാരണ സഹകാരികള്‍ക്ക് ഇതില്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ ബിനാമി ഇടപാടുകളുള്ള നേതാക്കള്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്.
റേഷന്‍ കടകളില്‍ അരി എത്തിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ബിജെപി പ്രവര്‍ത്തകര്‍ അതിന് തയ്യാറാണ്. എന്നാല്‍ അതോടെ പിണറായി സ്ഥാനം ഒഴിയാന്‍ തയ്യാറാകണം. അരിവില 40 രൂപക്ക് മുകളിലായിട്ടും വിപണിയില്‍ ഇടപെടാനോ റേഷന്‍ പുനസ്ഥാപിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
തോമസ് ഐസക് നൂറു പുസ്തകങ്ങള്‍ എഴുതിയാലും അത് പിണറായി വിജയന്‍ വായിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഐസക് പുസ്തകം എഴുതി സ്വന്തം കീശ നിറയ്ക്കുന്നതിന് പകരം സംസ്ഥാന ഖജനാവ് നിറയ്ക്കുന്നതിനെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും സമയത്ത് വിതരണം ചെയ്യാന്‍ കഴിയാത്ത ഐസക് മോദിയെ കുറ്റം പറയുന്നത് അപഹാസ്യമാണെന്നും രമേശ് പറഞ്ഞു.
വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ കെ എം മാണിയുടേയും കെ ബാബുവിന്റെയും രാജി ആവശ്യപ്പെട്ട പിണറായി തോട്ടണ്ടി ഇറക്കുമതിക്കേസില്‍ കോടികള്‍ അഴിമതി നടത്തിയ മേഴ്‌സിക്കുട്ടിയമ്മയെ സംരക്ഷിക്കുകയാണ്. 8 മാസം കൊണ്ട് 10 കോടിയുടെ അഴിമതിയാണ് മേഴ്‌സിക്കുട്ടിയമ്മ നടത്തിയിരിക്കുന്നത്. രാഷ്ട്രീയ ധാര്‍മ്മികത മറ്റുള്ളവര്‍ക്ക് മാത്രം മതിയെന്ന നിലപാടാണോ സിപിഎമ്മിന് ഉള്ളതെന്നും രമേശ് ചോദിച്ചു.
കള്ളപ്പണമുന്നണികള്‍ക്കെതിരെ ബിജെപി നടത്തുന്ന പ്രചരണ യാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംടി രമേശ്. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ജാഥയെ സ്വീകരിച്ചു. വര്‍ക്കല,ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കി. ജാഥ ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.
Discussion about this post