ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന്റെ മകള്‍ ദീപ ജയകുമാറിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം മറീന ബീച്ചില്‍ നടന്നു. എഐഎഡിഎംകെ സ്ഥാപകനും പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമായ എംജിആറിന്റെ നൂറാം വാര്‍ഷികമാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ദീപ കണ്ടെത്തിയ ദിവസമെന്നത് രാഷ്ട്രീയമായി ചര്‍ച്ചയാവുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടായില്ല, ഭാവിപരിപാടികള്‍ ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ദീപ അറിയിച്ചത്.
ഇതോടെ ഫെബ്രുവരി 24ന് ജയയുടെ ജന്മദിനത്തില്‍ തമിഴകം കാത്തിരിക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഉറപ്പായി. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയില്‍ അധികാരം പിടിച്ചടക്കിയ തോഴി ശശികലയ്‌ക്കെതിരെ പരസ്യ യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ദീപ ജയകുമാര്‍. ജയലളിതയുടെ സഹോദരപുത്രി രാഷ്ട്രീയ പ്രവേശനത്തിന് തെരഞ്ഞെടുത്ത ദിവസം എംജിആറിന്റെ നൂറാം ജന്മവാര്‍ഷിക ദിനമാണെന്നതും രാഷ്ട്രീയ ശ്രദ്ധ നേടി. എംജിആറിനോടും ജയലളിതയോടും വൈകാരിക അടുപ്പമുള്ള തമിഴ് ജനതയുടെ പിന്തുണക്കായാണ് ചടുലമായ ദീപയുടെ ഈ നീക്കം. ജനുവരി 17ന് മറീന ബീച്ചിലെ എംജിആര്‍, ജയലളിത സ്മൃതികൂടീരങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി പ്രഖ്യാപിച്ചത്.
ഇതിന് മുന്നോടിയായ ദീപയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ജയലളിതയോട് രൂപസാമ്യമുള്ള ദീപയോട് അമ്മാ ആരാധകര്‍ക്ക് വൈകാരികമായ അടുപ്പം കൂടുതലാണ്.
ജയലളിതയെ അനുസ്മരിപ്പിക്കുന്ന അതേ മാതൃകയിലാണ് ദീപയുടെ പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. വസ്ത്രധാരണവും തലമുടി ചീകിയിരിക്കുന്നതും കൈവീശിക്കാണിക്കുന്നതും എല്ലാം ജയലളിതയുടേത് പോലെ തന്നെ. തന്നെ ജയലളിതയുടെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ജയയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നെന്നും ദീപ പരാതിപ്പെട്ടിരുന്നു.
42 വയസുകാരിയായ ദീപ ജയകുമാര്‍ ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ്. ലണ്ടനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദീപ മാധ്യമപ്രവര്‍ത്തക കൂടിയാണ്. ഡിസംബര്‍ അഞ്ചിന് ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെ തലപ്പത്തേക്ക് ദീപ വരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി വാദിച്ചിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും അന്ന് ദീപ പറഞ്ഞിരുന്നു.
ശശികലയ്‌ക്കെതിരേ വ്യാപകമായ ആക്ഷേപം ഉന്നയിക്കുന്ന ദീപയ്ക്ക് അമ്മ ആരാധകരുടെ പിന്തുണയുണ്ട്. നേരത്തെ ജയലളിതയുടെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശശികലയ്‌ക്കെതിരായി ശബ്ദമുയര്‍ത്തുകയും ദീപക്ക് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. ജയയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് ആസന്നമായ ആര്‍കെ നഗറില്‍ ശശികല വോട്ട് ചോദിച്ച് വരേണ്ടെന്നായിരുന്നു അണികളുടെ ആക്രോശം. ദീപയാണ് യഥാര്‍ത്ഥ അനന്തരാവകാശി എന്ന് ജനങ്ങള്‍ അലമുറയിടുകയും ചെയ്തു.
ദീപയുടെ ചെന്നൈയിലെ വസതിക്ക് മുന്നില്‍ നാള്‍ക്കുനാള്‍ കൂടിവരുന്ന അണ്ണാഡിഎംകെ പ്രവര്‍ത്തകരുടെ സംഘം ശക്തമായ പിന്തുണയുടെ സൂചനയാണ്. ഇതാണ് രാഷ്ട്രീയ പ്രവേശനം വേഗത്തിലാക്കാന്‍ ദീപ ശ്രമിക്കാനുള്ള കാരണവും. മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതികൂടീരത്തിന് സമീപം ഭാവിപരിപാടികള്‍ അനന്തരവള്‍ പ്രഖ്യാപിക്കുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത ചലനമാകുമത്. അണ്ണാഡിഎംകെയില്‍ ശശികലയ്ക്ക് ഉണ്ടാവുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ദീപയുടെ രാഷ്ട്രീയ പ്രവേശനം.
Discussion about this post