കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമം നടത്തിയവര്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണവും നല്‍കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഒരു സംഘമാളുകള്‍ ടൈല്‍സ് തൊഴിലാളിയായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ സന്തോഷ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സന്തോഷിന്റെ ഭാര്യ ബേബിയും അമ്മ ശാരദ എന്നിവര്‍ അവരുടെ വീടുകളിലായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്താണ് സന്തോഷും കുടുംബവും താമസിക്കുന്നത്. അതുകൊണ്ടു തന്നെ വിവരം പുറത്തറിയാന്‍ വൈകി. വയറിനും കാലിനുമാണ് വെട്ടേറ്റത്.
മുറിവില്‍നിന്നും രക്തം വാര്‍ന്നൊഴുകിയാണ് സന്തോഷ് മരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക നിഗമനം. സന്തോഷിനെ വെട്ടിയ വിവരം നേരത്തെ പൊലീസിനെ അറിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആര്‍.എസ്.എസ് അണ്ടല്ലൂര്‍ ശാഖ മുന്‍ ശിക്ഷക് ആയിരുന്നു സന്തോഷ്. നിലവില്‍ ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്ത് ആറാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കുമാരന്റെ മകനാണ്. മക്കള്‍: സാരംഗ്, വിസ്മയ. പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സന്ധ്യയോടെ നാട്ടിലെത്തിക്കും. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലും മേലൂരിലും പൊതുദര്‍ശനത്തിന് വച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും.
Discussion about this post