ചെന്നൈ: തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി ജെല്ലിക്കെട്ട് ബില്‍ പാസ്സാക്കി. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസ്സാക്കിയത്.
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രതിഷേധം അക്രമാസക്തമായിരുന്നു. ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമമാണ് സമരത്തെ അക്രമാസക്തമാക്കിയത്. ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ചെന്നൈ ഐസ്ഹൗസ് പോലീസ് സ്റ്റേഷനു പ്രക്ഷോഭകര്‍ തീയിടുകയും ചെയ്തു. പോലീസിനുനേരെ സമരക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. കല്ലേറില്‍ അഞ്ച് പോലീസുകാര്‍ക്കു പരുക്കേറ്റു.
ചെന്നൈ മറീന ബീച്ചില്‍നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനിടെ ആത്മഹത്യാ ഭീഷണിയുമായി സമരക്കാര്‍ രംഗത്തെത്തി. ബലം പ്രയോഗിച്ചു പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കടലില്‍ച്ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കിയതോടെ പോലീസ് സമവായത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. സമരകേന്ദ്രമായ മറീനാ ബീച്ചിലേക്കു വന്നവരെ പോലീസ് വിരട്ടിയോടിച്ചു. ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. 75% പേരെയും ഒഴിപ്പിച്ചെങ്കിലും ഇവര്‍ വീണ്ടും സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
തഞ്ചാവൂര്‍, ഡിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ രാവിലെ തന്നെ പൊലീസ് നടപടി തുടങ്ങി. സമരക്കാരെ ബലംപ്രയോഗിച്ചു നീക്കി. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു പലവട്ടം ചര്‍ച്ചകള്‍ നടന്നു. കോയമ്പത്തൂരിലെ സമരക്കാരെ പൊലീസ് ഇപ്പോള്‍ ബലംപ്രയോഗിച്ചു നീക്കുകയാണ്. മധുരയില്‍ ചെറുത്തുനില്‍പ്പു പിന്നെയും തുടര്‍ന്നു. ബാരിക്കേഡുകള്‍ സമരക്കാര്‍ എടുത്തുമാറ്റിയതോടെ പൊലീസ് പിന്‍വാങ്ങിയിരുന്നു.
മറീനാ ബീച്ചില്‍ രാവിലെതന്നെ പൊലീസ് ഉദ്യോഗസ്ഥരെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുകയും ഇന്നു നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യവും വിശദീകരിച്ചു. സമരം വിജയിച്ചെന്നും പിരിഞ്ഞുപോകണമെന്നുമുള്ള അഭ്യര്‍ഥന സമരക്കാര്‍ തള്ളിയതോടെയാണു പൊലീസ് നടപടി തുടങ്ങിയത്. വന്‍ പൊലീസ് സന്നാഹം ബീച്ചിലെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതോടെ പ്രതിരോധമുറകളുമായി സമരക്കാരും രംഗത്തെത്തി. പൊലീസ് പിന്‍വാങ്ങിയില്ലെങ്കില്‍ കടലില്‍ ചാടുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പുനല്‍കി. കൈകോര്‍ത്തുപിടിച്ചു സമരക്കാര്‍ കടലിനടുത്തേക്കു നീങ്ങിയതോടെ പൊലീസ് നടപടികളുടെ വേഗതയും കുറഞ്ഞു. സമവായ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ശക്തമായ നടപടിയുമായി പൊലീസ് വീണ്ടും രംഗത്തിറങ്ങിയത്.
Discussion about this post