തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ഡോ. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുദ്രാവാക്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐക്ക് പാര്‍ട്ടി നിര്‍ദേശം. കഴിഞ്ഞ ദിവസം രാത്രി വിദ്യാര്‍ഥി നേതാക്കളെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തി സിപിഎം ജില്ലാ നേതൃത്വമാണ് ഈ ആവശ്യം ഉന്നയിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ കര്‍ശനമായി ആവശ്യപ്പെട്ടത് എന്ന വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യമൊഴിച്ചുള്ള മറ്റെല്ലാ ആവശ്യങ്ങളും പരിഹരിക്കാമെന്നും സിപിഎം നേതൃത്വം എസ്എഫ്‌ഐക്ക് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സിപിഎം സംസ്ഥാന കമ്മിറ്റിഅംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്‍ നാരായണന്‍ നായരുടെ മകളാണ് ലക്ഷ്മി നായര്‍. ഇതാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐയോട് സിപിഎം ആവശ്യപ്പെട്ടതിന് പിന്നിലെന്നാണ് സൂചന. സമരത്തിന്റെപേരില്‍ രാജിവെക്കില്ലെന്ന് ലക്ഷ്മി നായര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ അനുകൂലിക്കാനാണ് സിപിഎം തീരുമാനം.
എന്നാല്‍ അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.എന്നാല്‍ പ്രിന്‍സിപ്പലിനെ രാജിവെപ്പിക്കുകയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണെന്നാണ് ഞങ്ങളുടെ ആവശ്യമെന്ന് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ദേവ് കൃഷ്ണന്‍ പ്രതികരിച്ചതോടെ എസ്എഫ്‌ഐ വിഷയത്തില്‍ രണ്ട് തട്ടിലാണെന്ന് വ്യക്തമായി.
പ്രിന്‍സിപ്പല്‍ രാജിവെക്കില്ലെന്ന് സിപിഎം നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിദ്യാര്‍ഥി നേതാക്കളെ അറിയിക്കുക മാത്രമാണ് ജില്ലാ നേതൃത്വം ചെയ്‌തെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രഥിന്‍ സാഥ് കൃഷ്ണ അറിയിച്ചു. എന്നാല്‍ നേരത്തെയും സിപിഎം സമരത്തിന് എതിരായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ എബിവിപിയും, കെഎസ് യുവും സമരം മുതലെടുക്കുമെന്ന ആശങ്ക എസ്എഫ്‌ഐയ്ക്കുണ്ടായി. മാത്രവുമല്ല ചില എസ്എഫ്‌ഐ നേതാക്കള്‍ സംഘടന പിന്തുണയില്ലെങ്കിലും സമരരംഗത്തുണ്ടാവുമെന്ന നിലപാട് എടുത്തു. ഇതോടെ എസ്എഫ്‌ഐ സമരരംഗത്ത് ഇറങ്ങുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറച്ച നിലപാടില്‍ നില്‍ക്കുന്നതിനാല്‍ എസ്എഫ്‌ഐ നേതൃത്വം പ്രതിസന്ധിയിലാണ്.
Discussion about this post