തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റിദ്ധാരണ പരത്തുന്നവരെ തടയേണ്ടവരും മറിച്ച് നിലപാടെടുക്കുന്നുവെന്നും ഇത് ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങളുടെ താല്പര്യമല്ലെന്നും സിപിഐയെ കുറ്റപ്പെടുത്തി പിണറായി വിജയന് പറയുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കാനം രാജേന്ദ്രന്റെ പ്രസ്താവനയെ വിമര്‍ശിച്ചാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് പറഞ്ഞ പിണറായി വിജയന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയായാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.
വിവരാവകാശ സെമിനാറിലെ ഉദ്ഘാടന പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താ കുറിപ്പിലൂടെ വിശദീകരണം നല്‍കുകയാണ് പിണറായി ചെയ്തത്. വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നും ഇത് തടയേണ്ടവര്‍ മറിച്ചു നിലപാടെടുക്കുന്നത് ശരിയല്ലെന്നും പിണറായി സിപിഐയെ ലക്ഷ്യമാക്കി പറയുന്നു. ഇത് ഇടതുപക്ഷ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തല്‍.
മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തറിയുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവര്‍ത്തിച്ചിരുന്നു. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കിയതിന് ശേഷം പുറത്തറിഞ്ഞാല്‍ മതിയെന്ന പിണറായിയുടെ നിലപാടിനെയാണ് പരസ്യമായി സിപിഐ വിമര്‍ശിച്ചത്. ഇതോടെയാണ് മുന്നണിക്കുള്ളില്‍ നിന്നുളള വിമര്‍ശനത്തിന് വാര്‍ത്താക്കുറിപ്പിലൂടെ പിണറായിയുടെ മറുപടി.
കേരള മന്ത്രിസഭാ യോഗത്തിന്റെ കാര്യങ്ങള്‍ സെമിനാറില്‍ പരാമര്ശിച്ചിട്ടെല്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനവുമായി ബന്ധപ്പെട്ട കാര്യമാണ് പറഞ്ഞതെന്നും വിശദീകരണമുണ്ട്.
Discussion about this post