തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കൂടുതല്‍ കുരുക്കിലേക്ക്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമി നിലനില്‍ക്കുന്ന ഭൂമി സര്‍ക്കാരിനെ കബളിപ്പിച്ചാണ് കൈവശം വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൂടാതെ കോളെജുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങളുടെ കൈയില്‍ ഇല്ലെന്നും കേരള സര്‍വകലാശാല വ്യക്തമാക്കി.
ഗവര്‍ണറും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങിയ ട്രസ്റ്റിനാണ് ലോ അക്കാദമിക്കുളള ഭൂമി നല്‍കിയിരിക്കുന്നതെന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. 1968-ലാണ് സര്‍ക്കാര്‍ ഭൂമി ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കുന്നത്. അതേസമയം ഇപ്പോള്‍ ഇത്തരമൊരു ട്രസ്റ്റ് നിലവിലില്ല. ഇത്തരത്തില്‍ 11.49 ഏക്കര്‍ ഭൂമിയാണ് ലോ അക്കാദമി സര്‍ക്കാരിനെ കബളിപ്പിച്ച് കൈവശം വെച്ചിരിക്കുന്നത്.
ഇന്നലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരവേദിയില്‍ എത്തിയ സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതും ലോ അക്കാദമി ആവിശ്യത്തിലധികം കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കണമെന്നാണ്. കോടതി ആവശ്യത്തിനായി ലോ അക്കാദമിയുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ആ രേഖകള്‍ തിരികെ നല്‍കിയിട്ടില്ല. അക്കാദമിയുടെ കൈവശമുളള ഭൂമിയെക്കുറിച്ചും അഫിലിയേഷനെക്കുറിച്ചും കൃത്യമായ വിവരമില്ലെന്നും സര്‍വകലാശാല വ്യക്തമാക്കുന്നു.
രണ്ടുദിവസമായി കോളെജില്‍ നടന്ന തെളിവെടുപ്പില്‍ ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമായതായി സര്‍വകലാശാല ഉപസമിതി അറിയിച്ചു. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ട്. കൂടാതെ ജാതി പറഞ്ഞുളള അധിക്ഷേപത്തിലും വാസ്തവമുണ്ടെന്നും ഉപസമിതിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഹാജര്‍ രേഖകള്‍ പരിശോധിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 28ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശേഷമായിരിക്കും നടപടികള്‍. ഉപസമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടികളെക്കുറിച്ച് വ്യക്തമാക്കാമെന്നാണ് വിദ്യാഭ്യാസ മന്ത്രിയും ഇന്നലെ വ്യക്തമാക്കിയത്.
Discussion about this post