തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം നിലനിര്‍ത്തി ലക്ഷമി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അഞ്ചു വര്‍ഷത്തെ ഭാഗിക വിലക്കേര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്മെന്റ്, പരീക്ഷാ നടത്തിപ്പ് എന്നിവകളില്‍ ഇടപെടാനാകില്ല. എന്നാല്‍, പ്രിന്‍സിപ്പാളിന്റെ എല്ലാ അധികാരങ്ങളും ഇവര്‍ക്കുണ്ടാകുമെന്ന വൈരുദ്ധ്യം നിലനിര്‍ത്തിയാണ് സിന്‍ഡിക്കേറ്റ് തീരുമാനം. രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ വോട്ടിനിട്ടാണ് നടപടി തീരുമാനം സര്‍ക്കാരിന് വിട്ട് പ്രശ്നത്തില്‍ നിന്ന് സിന്‍ഡിക്കേറ്റ് കൈകഴുകിയത്.
ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി. നായരുടെ ഇന്റേണല്‍ മാര്‍ക്ക് കൂട്ടിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇക്കാര്യം വിശദമായി പരിശോധിക്കും. അക്കാദമിയിലെ പരീക്ഷാ നടത്തിപ്പ്, മാര്‍ക്ക് ദാനം എന്നിവ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ലക്ഷ്മി ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്ന ഉപസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വേണ്ടത്ര ഹാജരില്ലാതിരുന്നിട്ടും അനുരാധ 20 ല്‍ 19 മാര്‍ക്കു നേടിയെന്ന് ഉപസമിതി കണ്ടെത്തി.
107 പ്രവൃത്തിദിനങ്ങളില്‍ 51 ദിവസത്തെ ഹാജര്‍ മാത്രം നിലനില്‍ക്കെ അനുരാധയെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഹോസ്റ്റലിന്റെ പൂര്‍ണചുമതലയും അനുരാധയ്ക്കു നല്‍കി. ഇതിനെ അടിസ്ഥാനമാക്കി അനുരാധയെ ഇയര്‍ഔട്ട് ആക്കാനും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
Discussion about this post