ഡല്‍ഹി: കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിക്ക് പിന്നിലെ മുഖ്യ സൂത്രധാരന്‍ നേപ്പാളില്‍ പിടിയിലായി. ഐ.എസ്.ഐ ഏജന്റായ ഷംസുള്‍ ഹോഡയാണ് പിടിയിലായത്. തിങ്കളാഴ്ച ദുബായില്‍ നിന്ന് ഹോഡയെ നേപ്പാളിലേക്ക് നാടുകടത്തുകയായിരുന്നു. നേപ്പാളിലെ ബാര ജില്ലയില്‍ നടന്ന ഒരു ഇരട്ടകൊലപാതകത്തിന് പിന്നിലും ഹോഡയായിരുന്നു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇയാളെ ദുബായില്‍ കണ്ടെത്തിയത്.
കാണ്‍പൂർ ട്രെയിൻ അപകടം റെയിൽപാളം തകർത്തതിനെ തുടർന്നായിരുന്നുവെന്ന് എൻഐഎ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സംഭവം ഭീകരാക്രമണമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ട്രെയിൻ അപകടത്തിന്‍റെ മുഖ്യസൂത്രധാരൻ ഷംസുൽ ഹൂഡയാണെന്നാണ് എൻഐഎ കണ്ടെത്തിയത്. ഹൂഡയുടെ നിർദ്ദേശപ്രകാരം പാളം ബോംബ് വച്ച് തകർക്കുകയും ഗ്യാസ് കട്ടർ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തതാണ് ഇൻഡോർ-പാറ്റ്ന എക്സ്പ്രസ് മറിയാൻ കാരണമായത്. ട്രെയിന്‍റെ 14 കോച്ചുകളാണ് അപകടത്തിൽപെട്ടത്.
കഴിഞ്ഞ മാസം ബിഹാറിൽ നിന്നും അറസ്റ്റിലായ മോട്ടി പാസ്വാൻ, ഉമ ശങ്കർ പട്ടേൽ, മുകേഷ് യാദവ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സൂത്രധാരനായ ഷംസുൽ ഹൂഡയെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ രാജ്യത്ത് സമീപഭാവിയിലുണ്ടായ ട്രെയിൻ അപകടങ്ങൾക്കെല്ലാം പിന്നിൽ ഐഎസ്ഐ ബന്ധം സംശയിക്കുകയാണ്.
Discussion about this post