എഐഎഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയുടെ തിടുക്കത്തിലുള്ള സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കാതിരിക്കെ ഭിന്നത പരസ്യമാക്കി മുതിര്‍ന്ന നേതാവ് മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ രംഗത്തെത്തി. എഐഎഡിഎംകെ സ്ഥാപക അംഗം കൂടിയാണ് പി.എച്ച് പാണ്ഡ്യന്‍. അമ്മയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പാണ്ഡ്യന്‍ ഉയര്‍ത്തുന്നത്.
ജയലളിത ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് പോയ്‌സ് ഗാര്‍ഡനില്‍ വാക്ക് തര്‍ക്കമുണ്ടായി.
ആശുപത്രിയിലാകും മുന്‍പ് ജയലളിതയ്ക്ക് അടിയേറ്റിരുന്നുവെന്നും അമ്മയെ കസേരയില്‍ നിന്നും വലിച്ച് താഴെയിടുകയും അടിക്കുകയും ചെയ്തിരുന്നുവെന്നും പാണ്ഡ്യന്‍ ആരോപിച്ചു. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മറച്ചുവച്ചത് ഇതിന് തെളിവാണെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശശികലയുടെ ബന്ധുക്കള്‍ ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതില്‍ അസ്വഭാവികതയുണ്ട്. ജയലളിതയുടെയും എംജിആറിന്റെയും ‘അനുഗ്രഹം’ ഉള്ളതിനാലാണ് ശശികലയുടെ സത്യപ്രതിജ്ഞ നടക്കാത്തത്. അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാകുന്നതിനോ മുഖ്യമന്ത്രിയാകാനോ ഉള്ള യോഗ്യത അവര്‍ക്കില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞു.
ഇതിനിടെ 40 നേതാക്കള്‍ പാര്‍ട്ടി വിടുന്നുവെന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. ജയലളിതയുടെ അനന്തരവള്‍ ദീപയും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുന്നുണ്ട്.
Discussion about this post