തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടത്തിയ ജാതി അധിക്ഷേപത്തിനെതിരെ എഐഎസ്എഫ് ഹൈക്കോടതിയിലേക്ക്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. എഐഎസ്എഫ് പ്രവര്‍ത്തകരായ വിവേകും സെവല്‍വനും നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ എഐഎസ്എഫ് സമീപിക്കാനൊരുങ്ങുന്നത്.
ലോ അക്കാദമി കോളെജിലെ വിദ്യാര്‍ത്ഥി സമരം ബുധനാഴ്ച അവസാനിച്ചിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍, മാനെജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി, പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യമാണ് മാനെജ്‌മെന്റ് ഒടുവില്‍ അംഗീകരിച്ചത്. ഇതാകട്ടെ വിദ്യാഭ്യാസ മന്ത്രി മുന്‍പാകെ നടത്തിയ ചര്‍ച്ചയിലുമാണ്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. കാലാവധിയില്ലാതെയാണ് പുതിയ പ്രിന്‍സിപ്പലിന്റെ നിയമനമെന്നും കരാറില്‍ പറയുന്നു.
Discussion about this post