ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തനിക്ക് പിന്തുണ നല്‍കുന്ന 134 എംഎല്‍എമാരുടെതെന്ന് പറഞ്ഞ നല്‍കിയ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം. 134 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സമര്‍പ്പിച്ച പട്ടികയിലുള്ള ഒപ്പുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ശശികല ഗവര്‍ണര്‍ക്ക് എംഎല്‍എമാരുടെ പട്ടിക കൈമാറിയത്.
എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയാണ് ശശികല വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചിരിക്കുന്നതെന്ന് കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം ആരോപിച്ചിരുന്നു. ഇതു ഗുരുതരമായ ആരോപണമാണെന്നും ഒപ്പുകള്‍ വ്യാജമാണോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ മുംബൈയില്‍നിന്നെത്തിയ ഗവര്‍ണറുമായി ആദ്യം പനീര്‍സെല്‍വവും പിന്നീട് ശശികലയും കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്നെ നിര്‍ബന്ധപൂര്‍വം രാജിവയ്പ്പിക്കുകയായിരുന്നുവെന്നും അതിനാല്‍ രാജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമുള്ള വാദമാണു പനീര്‍സെല്‍വം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്. രാജിയിലേക്കു നയിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന നിവേദനവും അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറി. നല്ലതു സംഭവിക്കുമെന്നും ധര്‍മം വിജയിക്കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തെത്തിയ പനീര്‍സെല്‍വം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, 134 എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ശശികല മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചത്. ഈ മാസം അഞ്ചിനു ചേര്‍ന്ന നിയമസഭാ കക്ഷി യോഗം തന്നെ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന കാര്യവും അവര്‍ ഗവര്‍ണറെ അറിയിച്ചു. ഇരുപക്ഷത്തിന്റെയും വാദങ്ങളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പ്രസിഡന്റിനെയും കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഗവര്‍ണര്‍ കൈക്കൊള്ളുന്ന തീരുമാനത്തില്‍ കേന്ദ്രത്തിന്റെ നിലപാടും നിര്‍ണായകമാകും.
അതേസമയം ശശികല ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് ഉപവാസ സമരത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
Discussion about this post