ചെന്നൈ: എഐഎഡിഎംകെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. കേസ് പരിഗണിക്കുന്ന സുപ്രിം കോടതി പട്ടികയില്‍ ഈ കേസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തരയ്ക്കാണ് ഹര്‍ജി സുപ്രിം കോടതി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്ന ശശികലയ്ക്ക് സുപ്രിം കോടതി വിധി നിര്‍ണായകമാകും. കേസില്‍ കുറ്റക്കാരി എന്ന് കണ്ടെത്തിയാല്‍ ശശികലയുടെ രാഷ്ട്രീയ ജീവിതത്തിന് തന്നെ അത് വലിയ തിരിച്ചടിയാകും.പി.സി ഘോഷ്. അമിത്യ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. രണ്ട് ജസ്റ്റിസുമാരും ഒരേ വിധി പ്രസ്താവം പറഞ്ഞില്ലെങ്കില്‍ മറ്റൊരു ബഞ്ചിലേക്ക് ഹര്‍ജി മാറ്റാനുള്ള സാധ്യതയും തള്ളികളയാനാവില്ല.ജയലളിത കൂടി പ്രതിയായിരുന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി പറയുന്നത്. ശശികലയ്ക്ക് പുറമെ, ഇളരവശി, സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ഇതിനിടെ തമിഴ്നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും നിയമോപദേശത്തില്‍ പറയുന്നു.
തികച്ചും നിഷ്പക്ഷമായ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് നിയമമന്ത്രി വെങ്കയ്യ നായിഡു പറയുന്നു. എന്നാല്‍ ഗവര്‍ണറുടെ ഇപ്പോഴത്ത നിലപാടില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി എതിര്‍പ്പ് പ്രകടമാക്കി.
എഡിഎംകെ എംഎല്‍എമാര്‍ ആരുടേയും തടങ്കലില്‍ അല്ലെന്ന് മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്നാട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിക്ക് മുന്പാകെ എത്തിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എംഎല്‍എമാര്‍ എഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ തടങ്കലിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ ഹര്‍ജിയില്‍ കോടതി വാദം പൂര്‍ത്തിയാക്കി.
Discussion about this post