ഭുവനേശ്വര്‍: ഒഡിഷയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നേട്ടം ആവര്‍ത്തിച്ച് ബിജെപി. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ ഭരണകക്ഷിയായ ബിജെഡിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ബിജെപി. ആദ്യ ഘട്ടത്തില്‍ 188 ജില്ല പരിഷത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എഴുപതിനു മുകളില്‍ സീറ്റുകള്‍ നേടി ബിജെപി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചു. ഭരണ കക്ഷിയായ ബിജെഡിക്ക് നൂറിനടുത്ത് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസാകട്ടെ പത്ത് സീറ്റുകളില്‍ ഒതുങ്ങി.
2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ പോലും ഒഡിഷയിലെ 21 സീറ്റുകളില്‍ 20 സീറ്റുകളും ബിജെഡി നേടിയിരുന്നു. പതിനൊന്ന് സീറ്റുകളില്‍ കോണ്‍ഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത്. ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
മുന്‍പ് ബിജെഡിയ്ക്കൊപ്പം ഒഡിഷ ഭരിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഒറ്റയ്ക്ക് നിന്ന് വലിയ വിജയങ്ങള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം ബിജെപി തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നോട്ട് അസാധുവാക്കലിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു.
Discussion about this post