മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തിന് പ്രതികാരം ചെയ്യാന്‍ മാവോയിസ്റ്റുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ പതിനെട്ടാം തീയതി ശനിയാഴ്ച്ച വര്‍ഗ്ഗീസ് ദിനാചരണത്തില്‍ മാവോയിസ്‌ററുകള്‍ തിരിച്ചടി നടത്തുമെന്ന സൂചനകളെത്തുടര്‍ന്ന് പൊലീസ് സുരക്ഷനടപടികള്‍ ശക്തമാക്കി. വടക്കന്‍ ജില്ലകളിലെ വനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പൊലീസ് സ്റ്റേഷനുകള്‍ക്കും ഫോറസ്റ്റ് സ്റ്റേഷനുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പൊലീസ് തീരുമാനം. വടക്കന്‍ മേഖല എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം സുരക്ഷ നടപടികളെക്കുറിച്ച് വിലയിരുത്തിയിരുന്നു.
അതിര്‍ത്തിയിലുള്ള 21 പൊലീസ് സ്റ്റേഷനുകള്‍ക്കാണ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ കൂടുതല്‍ പൊലീസ് സേനയേയും വിന്യസിക്കും. നക്‌സല്‍ വര്‍ഗ്ഗീസ് ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി നടത്താന്‍ ഇതുവരെ യാതൊരു സംഘടനകളും അനുമതി തേടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പോലീസ് വെടിവെപ്പില്‍ രണ്ടു മാവോയിസ്‌ററ് നേതാക്കള്‍ മരിച്ച സംഭവത്തിന് ശേഷം നിലമ്പൂര്‍ വനമേഖലയടക്കം പോലീസും തണ്ടര്‍ബോള്‍ട്ടും കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. അടുത്തിടെ മാവോയിസ്റ്റുകള്‍ മാധ്യമങ്ങള്‍ക്ക് അയച്ച കത്തിലും ചോരക്ക് പകരം ചോര കൊണ്ടു തന്നെ മറുപടി പറയുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
Discussion about this post