കൊൽക്കത്ത: മമത സർക്കാരിന്റെ വിലക്കിനെ മറികടന്ന് ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച് ബിജെപി. നോർത്ത് 24 പർഗനാസ് ജില്ലയിൽ ആയിരുന്നു പ്രവർത്തകർ ചേർന്ന് സിനിമയുടെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
ജില്ലയിലെ ബരൂയ്പൂരിലായിരുന്നു സിനിമയുടെ പ്രത്യേക പ്രദർശനം നടന്നത്. ജില്ലാ അദ്ധ്യക്ഷൻ ഫൽഗുനി പത്ര, വനിതാ വിംഗ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
സിനിമയ്ക്ക് മമത സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ മറികടന്ന് ബിജെപി പ്രത്യേക പ്രദർശനം സംഘടിപ്പിച്ചുവെന്ന് ഫൽഗുനി പത്ര പറഞ്ഞു. ആളുകളിൽ അവബോധവും ജാഗ്രതയും ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അല്ലാതെ ആരെയും അപമാനിക്കാൻ വേണ്ടിയല്ല.
ചിത്രത്തിന്റെ പ്രദർശനത്തിന് മുൻപ് തങ്ങൾ നിയമം പരിശോധിച്ചിരുന്നു. വിലക്കേർപ്പെടുത്തിയ സിനിമ സ്വകാര്യതയിൽ കാണാനുള്ള അവകാശം ആളുകൾക്കുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചതിനെ നിയമ ലംഘനം ആയി കാണാൻ സാധിക്കുകയില്ല. ചിത്രം ഓൺലൈൻ ആയി നിരവധി പേർ പ്രചരിപ്പിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രത്തിന്റെ ലിങ്കുകൾ തനിക്ക് അയച്ചു തന്നിട്ടുള്ളതെന്നും പത്ര വ്യക്തമാക്കി.
സംസ്ഥാനത്ത് ക്രമസമാധാന നിലയ്ക്ക് ഭംഗമുണ്ടാക്കുമെന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. ഇതിനെതിരായ ഹർജികൾ നിലവിൽ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പരിഗണനയിലാണ്.
Discussion about this post