ബംഗലൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുൻപിലെത്തിയെങ്കിലും കോൺഗ്രസിലെ പതിവ് പ്രതിഷേധങ്ങൾക്ക് ശമനമില്ല. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുന്നോടിയായി സ്വന്തം നേതാക്കൾക്ക് ടിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തി.
ബംഗലൂരുവിലെ ക്യൂൻസ് റോഡിലുളള പാർട്ടി ആസ്ഥാനത്തിന് പുറത്താണ് അണികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനിരിക്കെയാണ് പ്രതിഷേധം. ഒന്നിലധികം മണ്ഡലങ്ങളിൽ നിന്നുളള പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി എത്തിയെന്നാണ് വിവരം. അതൃപ്തരായ സ്ഥാനാർത്ഥി മോഹികൾ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
മണ്ഡലങ്ങൾ തിരിച്ച് നടത്തിയ സർവ്വെ റിപ്പോർട്ട് അനുസരിച്ചാണ് രണ്ടാം ഘട്ട പട്ടികയിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയെന്നാണ് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദിന്റെ പ്രതികരണം. പാർട്ടി ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അതുകൊണ്ടാണ് ടിക്കറ്റിനായി കൂടുതൽ പേര് രംഗത്തെത്തുന്നതെന്നും സലീം അഹമ്മദ് പറഞ്ഞു.
മാർച്ച് 25 നാണ് ഒന്നാം ഘട്ടമായി 124 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടത്. രാഷ്ട്രീയ എതിരാളികൾക്ക് മുൻപേ സ്ഥാനാർത്ഥികളെ നിശ്ചിയിച്ച് പ്രവർത്തനം തുടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ ടിക്കറ്റിന് വേണ്ടി നേതാക്കൾ അണികളെ രംഗത്തിറക്കിയതോടെ പതിവ് തിരഞ്ഞെടുപ്പ് നാടകങ്ങളിലേക്ക് കോൺഗ്രസ് വഴുതി വീണിരിക്കുകയാണ്. ബാക്കിയുളള 100 സീറ്റുകളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുളളത്.








