പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പിടിക്കാൻ ചെന്നയാൾ അണലിയുടെ കടിയേറ്റ് മരിച്ചു. ഈയിടെയായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഒന്നാണിത്. ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പിനങ്ങളിൽ പെട്ട അണലിയെയാണ് പലപ്പോഴും പെരുമ്പാമ്പായി തെറ്റിദ്ധരിക്കുന്നത്. വണ്ണമുള്ള ദേഹവും പുള്ളികളുമാണ് തെറ്റിദ്ധരിക്കാൻ കാരണം. വലിപ്പത്തിൽ പെരുമ്പാമ്പിനൊപ്പം വളരുന്ന അണലിയുടെ ഒരു കടി തികച്ച് വേണ്ട മനുഷ്യൻ പടമാകാൻ. അത്രമാത്രം അപകടകാരിയാണ് അണലി. വലിയ വിഷപ്പല്ലുകളായത് കൊണ്ട് കടിക്കുന്നത് മൂലമുണ്ടാകുന്ന മുറിവും വലുതായിരിക്കും. രക്ത ചംക്രമണ വ്യവസ്ഥയെ ബാധിക്കുന്നത് കൊണ്ട് രോഗി പൂർണമായും അപകടത്തിൽ നിന്ന് മുക്തനാകാൻ താമസമെടുക്കുകയും ചെയ്യും.
എങ്ങനെയാണ് പെരുമ്പാമ്പിനേയും അണലിയേയും തമ്മിൽ തിരിച്ചറിയുക. ഇതിന് ഏറ്റവും എളുപ്പത്തിൽ ആധാരമാക്കാൻ കഴിയുക ശരീരത്തിൽ കാണുന്ന പ്രത്യേക ഡിസൈൻ ആണ്. പെരുമ്പാമ്പിന്റെ ശരീരത്തിലെ പാടുകൾ പ്രത്യേകിച്ച് ക്രമമില്ലാതെയാണ് കാണപ്പെടുക. എന്നാൽ അണലിയുടെ പുറത്തെ പാടുകൾ കൃത്യമായ പാറ്റേണുകളിലാണ് കാണുന്നത്. മുകളിലും വശങ്ങളിലുമായി മൂന്നു വരിയിൽ ദീർഘവൃത്താകൃതിയിലുള്ള അടയാളങ്ങളാണിത്. വൃത്തങ്ങൾക്ക് സമീപമായി വെളുത്ത പാടുകളും ഉണ്ടാകും . വൃത്തങ്ങൾക്ക് അരികിൽ കറുത്ത വലയവും കാണാവുന്നതാണ്. കൃത്യമായി ത്രികോണാകൃതിയിലുള്ള തലയും അണലിയെ തിരിച്ചറിയാനുള്ള ലക്ഷണമാണ്. അണലിയുടെ കടിയേറ്റാൽ ഏറ്റവും പെട്ടെന്ന് തന്നെ ആന്റിവെനം ഉള്ള ആശുപത്രിയിൽ എത്തിക്കണം. ഭയവും സമ്മർദ്ദവും ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം.

പെരുമ്പാമ്പ് വിഷമില്ലാത്തതാണെങ്കിലും അതിനെ പിടിക്കുന്നതും ആശാസ്യമല്ല. പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരെ വിളിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. വലിയ പാമ്പായതിനാൽ മുറിവ് വലുതാകാനും ഗുരുതരമാകാനും സാദ്ധ്യതയുണ്ട്. മാത്രമല്ല അണുബാധയും ഉണ്ടാകും. അതുകൊണ്ട് തന്നെ പെരുമ്പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. കടിയേറ്റാൽ ചികിത്സ തേടുന്നതിനും മടിക്കരുത്.








