തിരുവനന്തപുരം; കേരളത്തിലെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ മണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മണപ്പുറം ഫിനാൻസിന്റെ ഒന്നിലധികം സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് കമ്പനി 150 കോടിയിലധികം രൂപയുടെ പൊതുനിക്ഷേപം ശേഖരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനാണ് റെയ്‌ഡെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കമ്പനിയുടെ തൃശൂരിലെ ആസ്ഥാനത്തും മറ്റ് നാലിടങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. കമ്പനിക്ക് കള്ളപ്പണം കേസുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് റെയ്ഡ്.
രഹസ്യവിവരങ്ങൾ അനുസരിച്ച് കമ്പനി വലിയ രീതിയിലുള്ള പണമിടപാട് നടത്തിയതായി ഇഡി സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്പനിയുടെ എക്‌സിക്യൂട്ടീവുകളുടെ രേഖകളും മൊഴിയും ശേഖരിക്കും.
അതേ സമയം റെയ്ഡ് സ്ഥിരീകരിച്ച കമ്പനി, ഇഡിയുമായി പൂർണമായി സഹകരിക്കുമെന്നും ആവശ്യമായ രേഖകൾ കൈമാറുമെന്നും വ്യക്തമാക്കി. മണപ്പുറത്തെ ഓഫീസുകളിൽ നടത്തിയ പരിശോധനകളുടെ റിപ്പോർട്ടിനെ തുടർന്ന് ഓഹരികൾ നാല് ശതമാനം ഇടിഞ്ഞു. ഓഹരി വില 4.47 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ 123.85 രൂപയിലെത്തി.
Discussion about this post