വാഷിംഗ്ടൺ: ടെക് ഭീമനായ ഗൂഗിൾ ഇന്ത്യയിൽ പിഴ അടച്ചു. 1337.76 കോടി രൂപ ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലാണ് അടച്ചത്. ഇതാദ്യമായാണ് ഒരു ഭീമൻ ടെക് കമ്പനി രാജ്യത്ത് പിഴയടക്കുന്നത് എന്നാണ് വിവരം.
ആൻഡ്രോയിഡ് വിപണിയിൽ ആധിപത്യ സ്ഥാനം നിലനിർത്തുന്നതിനായി, അംഗീകരിക്കാനാകാത്ത രീതിയിൽ ഗൂഗിൾ തെറ്റായ പ്രവർത്തനങ്ങൾ ചെയ്തെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 2022 ഒക്ടോബറിൽ ഗൂഗിളിന് പിഴ ചുമത്തിയത്.
ആൻഡ്രോയിഡ് ഉപയോഗിക്കുന്ന ഫോണുകളിൽ സ്വന്തം ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാനാകാത്ത വിധം ഇൻസ്റ്റാൾ ചെയ്യുന്നതാണ് ഗൂഗിൾ ചെയ്ത പ്രധാന തെറ്റുകളിലൊന്ന്.
പിഴയൊടുക്കാനായി 30 ദിവസത്തെ സമയമാണ് ഗൂഗിളിന് അനുവദിച്ചിരുന്നത്.എന്നാൽ സിസിഐ വിധിക്കെതിരെ അപ്പീൽ അതോറിറ്റിയായ എൻസിഎൽടിക്ക് മുൻപാകെ ഗൂഗിളെത്തി. എന്നാൽ ഈ ഹർജി തള്ളിയ എൻസിഎൽടി പിഴ ഒടുക്കാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെ ഗൂഗിൾ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഗൂഗിളിന്റെ വാദങ്ങൾ തള്ളിയ സുപ്രീം കോടതി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.








