ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലെ എല്ലാ നടീനടന്മാരെയും ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് നടി ഗ്രേസ്. തന്റെ കാര്യത്തില്‍ ഇതൊക്കെ വാസ്തവവിരുദ്ധമാണെന്നും അത്തരത്തില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകമാണെന്നും ഗ്രേസ് ആന്റണി പറയുന്നു.’ദൈവം സഹായിച്ച് സിനിമാമേഖലയില്‍ നിന്ന് എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
‘തുല്യവേതനം വേണം എന്ന് എനിക്ക് പറയാന്‍ പറ്റില്ല. പക്ഷെ മാന്യമായ പ്രതിഫലം നമുക്ക് കിട്ടണം. തുടക്ക സമയത്ത് എനിക്ക് വലിയ പ്രതിഫലം കിട്ടിയിട്ടില്ല അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു . അന്നൊക്കെ നമ്മുടെ യാത്രാച്ചിലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാന്‍ കഴിയാത്ത രീതിയിലാണ് എനിക്ക് കിട്ടിയിട്ടുള്ളത്. എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിയ്ക്കാന്‍ എനിക്ക് കഴിഞ്ഞത്.
ഏത് ജോലിയില്‍ ആയാലും ഒരു കഷ്ടപ്പാടിന്റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക് വിളിക്കുമ്പോള്‍ നമുക്ക് സുരക്ഷയും വസ്ത്രംമാറാനും ടോയ്ലെറ്റില് പോകാനും വൃത്തിയും സുരക്ഷയും ഉള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ചോദിക്കേണ്ട ആവശ്യം പോലും ഇല്ല. പുരുഷന്മാര്ക്ക് എവിടെ നിന്നും ഡ്രസ്സ് മാറാം. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് ഒരു കോമണ്‍ സെന്‍സ് ആണ്.’ ഗ്രേസ് പറയുന്നു.
‘ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ദുരനുഭവങ്ങള്‍ നേരിട്ടത് ആരാണെന്ന് അറിയില്ല. അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷണവിധേയം ആക്കേണ്ടതാണ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ എല്ലാവരെയും ഒരുപോലെ അടച്ച് ആക്ഷേപിക്കുന്ന അവസ്ഥയാണ് വരുന്നത് അതില്‍ ദുഃഖമുണ്ട്.
നമ്മളോട് നല്ല രീതിയില്‍ പെരുമാറുന്നവരുടെ മുഖത്ത് കൂടി കരിവാരി തേക്കുന്ന അവസ്ഥയാണ് ഉള്ളത്. സിനിമാമേഖലയില്‍ ദുരനുഭവം നേരിട്ടുള്ളവര്‍ ഉണ്ടാകാം പക്ഷെ എല്ലാരേയും ഒരുപോലെ കാണരുത് എന്നാണ് പറയാനുള്ളത്’ ഗ്രേസ് ആന്റണി പറയുന്നു.
Discussion about this post