ചെങ്കടലില്‍ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. സൗദി അറേബ്യയുടെ ഫര്‍സാന്‍ തീരത്തിനു സമീപം ചെങ്കടലിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. പവിഴപ്പുറ്റുകളുള്ള മേഖലയിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്്. ജലോപരിതലത്തില്‍ നിന്ന് 174 അടി മുതല്‍ 33 അടി താഴ്ച വരെയുള്ള മേഖലയിലാണ് ഈ മത്സ്യം ജീവിക്കുന്നത്. ഗ്രംപി ഡ്വാര്‍ഫ്ഗോബി എന്നാണ് ഈ മത്സ്യത്തിന് പേര് നല്‍കിയിരിക്കുന്നത്. സുവിയോട്ട ഏഥണ്‍ എന്ന പേരും ഇതിനുണ്ട്. തുവാല്‍ മേഖലയില്‍ നിന്നും ഈ മത്സ്യത്തെ കണ്ടെത്തിയിട്ടുണ്ട്.
രണ്ടു സെന്റിമീറ്ററില്‍ താഴെയാണ് ഗ്രംപിഎന്ന ഈ മത്സ്യത്തിന്റെ നീളം. എന്നാല്‍ ഇത്തിരികുഞ്ഞന്‍ ശരീരമാണെങ്കിലം വലിയ പല്ലുകളുള്ള വായ ഇതിന് ഒരു ദേഷ്യക്കാരന്റെ പരിവേഷം നല്‍കുന്നുണ്ട്. കടുത്ത ചുവന്ന നിറത്തിലാണ് അധികം മീനുകളും കാണപ്പെടുന്നതെങ്കിലും മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ളവയും ഇക്കൂട്ടത്തിലുണ്ട്.
പരിതസ്ഥിതിയായ പവിഴപ്പുറ്റുകളുമായി ഇണങ്ങിച്ചേരാന്‍ ഇവരുടെ ശരീരത്തിന്റെ ഈ വ്യത്യസ്തമായ നിറം ഇവയെ അനുവദിക്കുന്നു. അവയുടെ മൂര്‍ച്ചയേറിയ പല്ലുകള്‍ക്ക് ഇരകളെ പിടിക്കാനുള്ള ശേഷി നല്‍കുകയും ചെയ്യുന്നു.സൗദിയിലെ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, യുഎസിലെ വാഷിങ്ടന്‍ സര്‍വകലാശാല എന്നിവര്‍ ചേര്‍ന്നാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഫിയറി ഡ്വാര്‍ഫ്ഗോബി എന്നൊരു മീനിനെ നേരത്തെ തന്നെ ശാസ്ത്രലോകത്തിന് അറിയാവുന്നതാണ്. ചെങ്കടലിലെ മീനിനെ ആദ്യം കണ്ടെത്തിയപ്പോള്‍ അത് ഫിയറി ഡ്വാര്‍ഫ്ഗോബിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിചാരിച്ചത്. എന്നാല്‍ പിന്നീട് നടന്ന പരിശോധനയിലാണ് ഇതു വളരെ വ്യത്യസ്തമായ ഒരു പുതിയ സ്പീഷീസാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്.









Discussion about this post