ന്യൂഡൽഹി: പാർലമെന്റിലെ തന്റെ അടുത്ത പ്രസംഗം പ്രധാനമന്ത്രിയെ ഭയപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആ ഭയം അദ്ദേഹത്തിന്റെ കണ്ണുകളിൽ താൻ കാണുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ വാക്കുകൾ.
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നുവെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. അതിന്റെ ഉദാഹരണങ്ങളാണ് ഓരോ ദിവസവും നമ്മൾ കാണുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുൽ വാർത്താസമ്മേളനം ആരംഭിച്ചത്. എന്നെ സ്ഥിരമായി അയോഗ്യനാക്കിയാലും എന്റെ ജോലി ചെയ്യുന്നത് തുടരും. പാർലമെന്റിന് അകത്താണോ പുറത്താണോ എന്നത് വിഷയമല്ല. രാജ്യത്തിന് വേണ്ടി പോരാടും.
ജനാധിപത്യത്തിന് വേണ്ടിയുളള പോരാട്ടത്തിൽ ഞാൻ ഇനിയും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. ഇന്ത്യയുടെ ശബ്ദത്തിനായിട്ടാണ് ഞാൻ പോരാടുന്നത്. അതിന് എന്ത് വില കൊടുക്കാനും തയ്യാറാണ്. ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയത് കൊണ്ട് എന്നെ നിശബ്ദനാക്കാനാകില്ല. അയോഗ്യനാക്കിയത് കൊണ്ടോ ജയിലിലടച്ചതുകൊണ്ടോ എന്നെ ഭയപ്പെടുത്താനാകില്ല. അതുകൊണ്ടൊന്നും ഞാൻ പിന്നോട്ട് പോകില്ല.
അദാനിയുടെ ഷെൽ കമ്പനികളിലേക്ക് 20,000 കോടി രൂപ എങ്ങനെയെത്തിയെന്ന തന്റെ ലളിതമായ ചോദ്യത്തിൽ നിന്ന് പ്രധാനമന്ത്രിയെ പ്രതിരോധിക്കാനുളള നാടകമാണ് നടക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അദാനിക്ക് ബിസിനസ് ഉണ്ടെന്ന് കാര്യം ശരിയാണ്. പക്ഷെ ഇത് ആ പണമല്ല. ഈ 20,000 കോടി രൂപ ആരുടേതാണെന്ന് മാത്രമാണ് തനിക്ക് അറിയേണ്ടത്.
മോദിയും അദാനിയും തമ്മിലുളള ബന്ധം പുതുമയല്ല. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ തുടങ്ങിയതാണ്. മോദിയും അദാനിയും വിമാനത്തിലിരിക്കുന്ന ചിത്രം താൻ കാണിച്ചു. പക്ഷെ തന്റെ പ്രസംഗം പാർലമെന്റ് രേഖകളിൽ നിന്ന് നീക്കി. അതിന് ശേഷം ഞാൻ വിദേശ ഇടപെടൽ തേടിയെന്ന് ബിജെപി മന്ത്രിമാർ പ്രചരിപ്പിക്കുകയാണ്. അതിൽ വിശദീകരണം നൽകാൻ പാർലമെന്റിൽ അവസരം നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ കിട്ടിയില്ല.
സ്പീക്കറുടെ ചേമ്പറിൽ പോയി എന്തുകൊണ്ടാണ് പാർലമെന്റിൽ സംസാരിക്കാൻ സമയം നൽകാത്തതെന്ന് ചോദിച്ചു. അതിന് സാദ്ധ്യമല്ല എന്നായിരുന്നു പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം നൽകിയ മറുപടി. അദ്ദേഹത്തിന്റെ കൂടി ചായ കുടിക്കാനായിരുന്നു ക്ഷണമെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









