ന്യൂഡൽഹി; ഇന്ത്യയിലെ മുസ്ലീങ്ങളുടെ അന്തസും അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്സാമിക് കോഓപ്പറേഷൻ(ഒഐസി). ബിഹാറിലും പശ്ചിമബംഗാളിലും രാമനവമി ശോഭായാത്രകൾക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തെ വെളളപൂശി പുറത്തിറക്കിയ പ്രസ്താവനയിലാണ് ആവശ്യം. അക്രമം നടന്നത് മുസ്ലീം സമുദായത്തിന് നേരെയാണെന്ന കണ്ടെത്തലാണ് ഒഐസി നടത്തുന്നത്.
അതേസമയം പ്രസ്താവനയ്‌ക്കെതിരെ ശക്തമായ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുമായി ബന്ധപ്പെട്ട് ഒഐസി പുറത്തിറക്കിയ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഒഐസിയുടെ വർഗീയ ചിന്താഗതിയുടെ മറ്റൊരു ഉദാഹരണമാണ് പ്രസ്താവന. ഇത്തരം നിലപാടുകളിലൂടെ ഇന്ത്യാ വിരുദ്ധ ശക്തികളെ സ്വാധീനിക്കുക വഴി ഒഐസി അതിന്റെ മതിപ്പ് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
വസ്തുതകളെ വളച്ചൊടിക്കുന്ന പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം ശക്തമായ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. ഒഐസി തുടരുന്ന ഇന്ത്യാ വിരുദ്ധ നിലപാടിന്റെ ഭാഗമാണ് പ്രസ്താവനയെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാമനവമി ശോഭായാത്രയ്ക്കിടെ അക്രമവും കലാപവും നടന്നുവെന്നും ഇതിൽ ആശങ്കയുണ്ടെന്നുമായിരുന്നു ഒഐസിയുടെ പ്രസ്താവന.
ഒഐസി ജനറൽ സെക്രട്ടറിയേറ്റ് ആണ് പ്രസ്താവന പുറത്തിറക്കിയത്. ഇസ്ലാമോഫോബിയ ഉയർത്തിക്കാട്ടുന്നതിന്റെ പ്രകടമായ തെളിവാണിതെന്നും മുസ്ലീം സമുദായത്തെ ആസൂത്രിതമായി ലക്ഷ്യമിടുകയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ബിഹാറിലെ സസരാമിലും ബിഹാർ ഷെരീഫിലും രാമനവമി ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികൾ സംഘടിച്ച് ആക്രമണം നടത്തുകയായിരുന്നു. പശ്ചിമബംഗാളിൽ ഹൗറയിലും ഹൂഗളളിയിലുമാണ് സമാനമായ അക്രമങ്ങൾ നടന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത ശോഭായാത്രകൾക്ക് നേരെ കല്ലേറും അക്രമവും നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും ചെയ്തിരുന്നു.










Discussion about this post