തിരുവനന്തപുരം: ട്രാൻസലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട് രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സംസ്ഥാനത്തെ ഗവേഷണഫലങ്ങളെ ഉത്പാദന പ്രക്രിയയിലേക്ക് വാണിജ്യ അടിസ്ഥാനത്തിൽ ട്രാൻസ്‌ലേറ്റ് ചെയ്യാൻ വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് സ്ഥാപനങ്ങൾക്കൊപ്പം ചേർന്ന് വിജ്ഞാനോത്പന്നങ്ങൾ നിർമിക്കുന്നതിനുമുളള റിസ്‌ക് കുറയ്ക്കുന്നതിനായിട്ടാണ് ഫണ്ട് രൂപീകരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
സാങ്കേതിക വിദ്യകൾ ട്രാൻസ്‌ലേറ്റ് ചെയ്യുന്നതിനായി വ്യവസായമേഖലയും സർവ്വകലാശാലകളും ചേർന്ന് രൂപീകരിക്കുന്ന സ്‌പെഷൽ പർപ്പസ് വെഹിക്കിളിൽ മൂലധന നിക്ഷേപത്തിനായി ഈ ഫണ്ട് ഉപയോഗിക്കും. എസ്പിവികളുടെ വരുമാനത്തിൽ നിന്നും ഫണ്ട് തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു. ഗവേഷണ ഫണ്ടിനുളള പ്രാരംഭ പിന്തുണയ്ക്കായി 10 കോടി രൂപ മാറ്റിവെക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശിച്ച വിധത്തിൽ കേരളത്തിലെ വിവിധ വൈജ്ഞാനിക മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 14 കോടി രൂപ നീക്കിവെച്ചതായി മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് 19 കോടി രൂപ വകയിരുത്തി.
അക്കാദമിക് രംഗത്തെ മികവ് മാറ്റുരയ്ക്കുന്നതിനായി അന്തർ സർവ്വകലാശാല അക്കാദമിക് ഫെസ്റ്റ് ഇക്കൊല്ലം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ കോളജുകൾക്ക് 98.35 കോടി രൂപ സഹായം നൽകും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുളള അടിയന്തര നടപടിയായി സർവ്വകലാശാല, കോളജ് തലങ്ങളിലെ ഗസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം ഉയർത്താനും ബജറ്റിൽ നിർദ്ദേശമുണ്ട്.
Discussion about this post